രണ്ടു വര്‍ഷം മുമ്പ് നരേന്ദ്ര മോദി മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ പല മുതിര്‍ന്ന നേതാക്കളെയും മറികടന്നാണ് 38 വയസ്സുള്ള സ്‌മൃതി ഇറാനി പ്രധാനപ്പെട്ട മാനവശേഷി വികസന മന്ത്രാലയത്തില്‍ എത്തിയത്. ബോംബെ ഐഐടി ചെയര്‍മാന്‍ അനില്‍ കാക്കോദ്കറുമായുള്ള അഭിപ്രായ വ്യത്യാസമാണ് ആദ്യം ഉയര്‍ന്ന വിവാദം. പിന്നീട് രോഹിത് വെമുലയുടെ ആത്മഹത്യയും, ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ അറസ്റ്റും കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി. ആര്‍എസ്എസിന്റെ കൂടി താല്പര്യപ്രകാരമാണ് ബിജെപിയില്‍ മോദി-അമിത് ഷാ ക്യാമ്പിനൊപ്പം ഉറച്ചു നില്ക്കുന്ന സ്മൃതി ഇറാനിയുടെ മാറ്റം. അനാവശ്യ വിവാദങ്ങള്‍ തിരിച്ചടിയായി എന്ന് വാദം പ്രധാനമന്ത്രിയും അംഗീകരിച്ചു. വകുപ്പു മാറ്റത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്മൃതി ഇറാനി തയ്യാറായിട്ടില്ല. എന്നാല്‍ ടെക്‌സ്‌റ്റൈല്‍ മന്ത്രാലയത്തിലേക്കുള്ള മാറ്റത്തില്‍ സ്‌മൃതി ഇറാനിക്ക് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന. ധനമന്ത്രാലയത്തില്‍ നിന്ന് ജയന്ത് സിന്‍ഹയെ മാറ്റിയതും അപ്രതീക്ഷിതമായിരുന്നു. എല്‍ കെ അദ്വാനിക്കൊപ്പം ചേര്‍ന്ന് ബിഹാര്‍ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടി നേതൃത്വത്തിനെതിരെ യശ്വന്ത് സിന്‍ഹ പ്രസ്താവന ഇറക്കിയതിലുള്ള അതൃപ്തിയാണ് പ്രകടമാക്കിയതെന്ന് മുതിര്‍ന്ന നേതാക്കള്‍ കരുതുന്നു. പുതിയ മന്ത്രിമാരുമായി ഇന്ന് പാര്‍ലമെന്റ് മന്ദിരത്തില്‍ കൂടിക്കാഴ്ച നടത്തിയ നരേന്ദ്ര മോദി വിവാദങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം നല്കി. മന്ത്രിമാര്‍ അവരുടെ വകുപ്പിനെക്കുറിച്ച് വിശദമായി പഠിക്കണം എന്ന നിര്‍ദ്ദേശവും പ്രധാനമന്ത്രി മുന്നോട്ടു വച്ചു.