സാഫ് പെട്രോളിയം, ആദിത്യ മറൈന്‍ എന്നീ സ്ഥാപനങ്ങളുടെ പേരില്‍ 14 കണ്ടെയ്നര്‍ ഡീസല്‍ ചെന്നൈ തുറമുഖം വഴി കടത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.

ചെന്നൈ: ദുബായില്‍ നിന്ന് അനധികൃതമായി ഡീസല്‍ കടത്തി ദക്ഷിണേന്ത്യയില്‍ വില്‍ക്കുന്ന സംഘത്തെ റവന്യൂ ഇന്റലിജന്‍സ് സംഘം പിടികൂടി. തമിഴ്നാട്ടിലും ആന്ധ്രാപ്രദേശിലും തെലങ്കാനയിലും ഇത്തരത്തില്‍ അനധികൃതമായി ഡീസല്‍ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തിയ നാല് പേരാണ് പിടിയിലായത്. ചെന്നൈ തുറമുഖം വഴിയായിരുന്നു ഇവരുടെ കള്ളക്കടത്ത്.

സാഫ് പെട്രോളിയം, ആദിത്യ മറൈന്‍ എന്നീ സ്ഥാപനങ്ങളുടെ പേരില്‍ 14 കണ്ടെയ്നര്‍ ഡീസല്‍ ചെന്നൈ തുറമുഖം വഴി കടത്തിയിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്. മിനറല്‍ സ്‌പിരിറ്റ് എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇത് കൊണ്ടുവന്നത്. രാജ്യത്ത് ഇറക്കുമതി നിയന്ത്രണമുള്ള ഉല്‍പ്പന്നമാണ് ഡീസല്‍. സര്‍ക്കാര്‍ അധികാരപ്പെടുത്തിയ എണ്ണക്കമ്പനികള്‍ക്ക് മാത്രമേ ഇവ വിദേശത്ത് നിന്ന് കൊണ്ടുവരാന്‍ അനുവാദമുള്ളൂ. ദുബായില്‍ കടലാസ് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്ത് അവിടെ വിപണിയില്‍ നിന്ന് ഡീസല്‍ വാങ്ങി കണ്ടെയ്നുകളിലാക്കി കൊണ്ടുവരികയായിരുന്നു തട്ടിപ്പുകാരുടെ രീതി. യാഥാര്‍ത്ഥ വിലയേക്കാന്‍ 40 ശതമാനം കുറച്ച് മാത്രമാണ് ഇറക്കുമതി രേഖകളില്‍ കാണിച്ചിട്ടുള്ളത്. ഇത് കാരണം എക്‌സൈസ് ഡ്യൂട്ടിയിലും വെട്ടിപ്പ് നടത്തി.

കാക്കിനടി കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. സംഘത്തിന്റെ ഓഫീസ് ഇവിടെയാണ് പ്രവര്‍ത്തിച്ചിരുന്നത്. ചെന്നൈയിലെ മരൈമല നഗറില്‍ സംഭരണ കേന്ദ്രവും ഗുയിണ്ടിയില്‍ വിതരണ കേന്ദ്രവും സ്ഥാപിച്ചായിരുന്നു മറ്റ് പ്രവര്‍ത്തനങ്ങള്‍. കുറഞ്ഞ വിലയ്‌ക്ക് ഡീസല്‍ എത്തിച്ച് വില്‍പ്പന നടത്തുന്നതിനൊപ്പം ഹവാല ഇടപാടുകളും നടത്തി. 17.7 കോടി വിലവരുന്ന 63 ലക്ഷം ലിറ്റര്‍ ഡീസല്‍ പല സമയത്തായി രാജ്യത്ത് എത്തിച്ചുവെന്നാണ് കണ്ടെത്തിയത്. 285 കണ്ടെയ്നറുകളിലായിരുന്നു അത്. ഇതില്‍ 14 കണ്ടെയ്നറുകള്‍ ഡി.ആര്‍.ഐ പിടിച്ചെടുത്തു.