പെരുമ്പാമ്പിന്റെ ആക്രമണത്തിൽ യുവാവിന്റെ കൈ നഷ്ടപ്പെട്ടതിൽ കലിപൂണ്ട പ്രദേശവാസികൾ പാമ്പിനെ പിടികൂടി കൊന്ന് ഭക്ഷിച്ചു. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലാണ് വിചിത്രമായ സംഭവം നടന്നത്. പെരുപാമ്പിന് 7.8 മീറ്റർ നീളമുണ്ട്.
സെക്യൂരിറ്റി ഗാർഡായ റോബർട്ട് നബാബന് ആണ് പാമ്പിന്റെ ആക്രമണത്തിൽ ഇടംകൈ നഷ്ടമായത്. പട്രോളിംഗിനിടയാണ് അദ്ദേഹം പാമ്പിനെ കണ്ടെത്തിയത്. ഉടൻ തന്നെ അദ്ദേഹം പാമ്പിനെ ഒരു ചാക്കിൽ പിടിച്ചിട്ടു. എന്നാൽ പാമ്പ്നടത്തിയ പ്രത്യാക്രമണത്തിൽ അദ്ദേഹത്തിന്റെ കൈ നഷ്ടപ്പെടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ നബാബൻ അടുത്തുള്ള ആശുപത്രിയിൽ ചികിത്സയിലാണ്. മറ്റൊരു സെക്യൂരിറ്റി ഗാർഡിന്റെയും സമീപ വാസികളുടെയും ശ്രമഫലമായാണ് അദ്ദേഹത്തിന് ജീവൻ തിരികെ ലഭിച്ചത്. ഉടൻതന്നെ പ്രദേശവാസികൾ പാമ്പിനെ പിടികൂടി കൊന്ന് ഗ്രാമത്തിൽ കൊണ്ടുവന്ന് അതിനെ കെട്ടിത്തൂക്കി പ്രദർശിപ്പിച്ചു. പിന്നീട് എല്ലാവരും ചേർന്ന് അതിനെ ശാപ്പാടാക്കുകയും ചെയ്തു.
ഇന്തോനേഷ്യയിലും ഫിലിപ്പീൻസിലും ഇത്തരത്തിൽ 20 അടിയിൽ കൂടുതൽ നീളമുള്ള പെരുപാമ്പുകളെ സാധാരണയായി കാണാറുണ്ട്. ഇന്തോനേഷ്യയിലെ ദ്വീപായ സുലവേസിയിൽ നിന്നും ഈ വർഷം മാർച്ചിൽ 25 വയസുള്ള ഒരാളെ ഒരു ഭീമൻ പെരുപാമ്പിന്റെ വയറ്റിൽ നിന്നും കണ്ടെത്തിയിരുന്നു.
