ഒരു വര്‍ഷത്തിനിടെ സാങ്കേതിക കാരണങ്ങളാല്‍ നിരവധി തവണ മാറ്റിവെച്ച ശേഷമാണ് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് കേസ് പരിഗണിക്കുന്നത്. ഏറ്റവും ഒടുവില്‍ കേസ് പരിഗണിച്ചപ്പോള്‍ അഡീഷണല്‍ സോളിസിറ്റര് ജനറലിന് മറ്റൊരു കേസില്‍ ഹാജരാകന്‍ ഉള്ളതിനാല്‍ മാറ്റിവെക്കണമെന്ന് സിബിഐ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ജസ്റ്റിസ് പി ഉബൈദ്, വാദം കേള്‍ക്കല്‍ ഈ മാസം രണ്ടാം വാരത്തിലേക്ക് നിശ്ചയിക്കുകയായിരുന്നു. 

സിബിഐക്ക് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ നടരാജാണ് ഹാജരാകുക. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ എം കെ ദാമോദരനും. പിണറായി വിജയന്‍ വൈദ്യുതി മന്ത്രിയായിരിക്കേ പന്നിയാര്‍, ചെങ്കുളം,പള്ളിവാസല്‍ ജലവൈദ്യുതി നിലയങ്ങളുടെ നവീകരണത്തിനുള്ള കരാര്‍ കാനഡയിലെ എസ്എന്‍സി ലാവലിന്‍ കമ്പനിക്ക് നല്‍കിയതിലൂടെ 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. 

പിണറായി വിജയന്‍ അടക്കമുള്ളവരെ പ്രതി ചേര്‍ത്ത് സിബിഐ കുറ്റപത്രവും നല്‍കി. എന്നാല്‍ 2013 നവംബറില്‍ കീഴക്കോടതി വിചാരണക്ക് മുന്പ് പ്രതികളെ കുറ്റവിമുക്തരാക്കി. ഇതിനെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്.

ക്രൈം പത്രാധിപര്‍ നന്ദകുമാര്‍ ഉള്‍പ്പെടെയുള്ളവരും സമാന ഹര്‍ജികളുമായി എത്തിയെങ്കിലും ഇതിനവകാശമില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളിക്കളഞ്ഞു. നേരത്തെ ജസ്റ്റിസ് ബി കമാല്‍ പാഷയാണ് കേസ് പരിഗണിച്ചിരുന്നത്. എന്നാല്‍ ക്രിസ്തുമസ് അവധിക്കേ ശേഷം ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വന്നപ്പോള്‍ കേസ് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ചിലെത്തുകയായിരന്നു.