ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന കാര്യം എസ്.എൻ.ഡി.പി നാളെ പ്രഖ്യാപിക്കും
ചെങ്ങന്നൂർ: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ ഏത് മുന്നണിയെ പിന്തുണയ്ക്കുമെന്ന കാര്യം എസ്.എൻ.ഡി.പി നാളെ പ്രഖ്യാപിക്കും. ബുധനാഴ്ച്ച രാവിലെ പത്ത് മണിയ്ക്ക് കണിച്ചുകുളങ്ങരയിൽ വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനാവും സംഘടനയുടെ നിലപാട് അറിയിക്കുക.
എസ്.എൻ.ഡി.പിയുടെ രാഷ്ട്രീയവിഭാഗമായ ബിഡിജെഎസ് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലാണെങ്കിലും ബിജെപി തങ്ങളെ അവഗണിക്കുന്നുവെന്ന പരാതി ബിഡിജെഎസിനും എസ്എൻഡിപിക്കുമുണ്ട്. ബിഡിജെഎസ് ബിജെപിയുമായി നിസഹകരിക്കുന്ന നിലവിലെ സാഹചര്യത്തിൽ എസ്എൻഡിപിയുടെ രാഷ്ട്രീയനിലപാടിന് വലിയ പ്രസക്തിയുണ്ട്.
നേരത്തെ ഇൗ മാസം 20-ന് എസ്.എൻ.ഡി.പിയുടെ നിലപാട് പ്രഖ്യാപിക്കും എന്ന് അറിയിച്ചിരുന്നെങ്കിലും അന്ന് പ്രഖ്യാപനമുണ്ടായില്ല. എൽ.ഡി.എഫ് സ്ഥാനാർഥി സജി ചെറിയാനാണ് ചെങ്ങന്നൂരിലിപ്പോൾ മുന്നിൽ നിൽക്കുന്നതെന്നും ശ്രീധരൻപ്പിള്ള മൂന്നാം സ്ഥാനത്താണെന്നും നേരത്തെ വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
