പ്രധാനമായും സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയും ആളുകളിലൂടെയും പ്രചരിച്ച ഫോട്ടോ 2005ല്‍ പകര്‍ത്തിയതാണ്

കൊച്ചി: വിശ്വാസികളായ അമ്മമാരെ എന്തിന് പൊലീസ് ഇങ്ങനെ തല്ലി ചതയ്ക്കുന്നുവെന്ന അടിക്കുറിപ്പോടെ ഇന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ച ഒരു ഫോട്ടോ ഏറെ ഷെയര്‍ ചെയ്യപ്പെട്ടിരുന്നു. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയില്‍ പ്രതിഷേധിക്കുന്ന അമ്മയെ കമ്മ്യൂണിസ്റ്റ് പൊലീസ് തല്ലുന്നുവെന്നായിരുന്നു പോസ്റ്റ്.

വ്യാപകമായി ഇത് പ്രചരിച്ചതോടെ പൊലീസിന്‍റെ ക്രൂര നടപടികള്‍ക്കെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. എന്നാല്‍, ഈ ചിത്രം വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പ്രധാനമായും സംഘപരിവാര്‍ അനുകൂല ഫേസ്ബുക്ക് പേജുകളിലൂടെയും ആളുകളിലൂടെയും പ്രചരിച്ച ഫോട്ടോ 2005ല്‍ പകര്‍ത്തിയതാണ്.

എറണാകുളം കളക്ട്രേറ്റിന് സമീപം 2005 ജൂലൈ മൂന്നിന് എസ്എഫ്ഐ നടത്തിയ കൗൺസിലിംഗ് ഉപരോധസമരത്തിൽ ഇടത് വിദ്യാര്‍ഥി സംഘടനയുടെ മുൻ ജില്ലാ സെക്രട്ടറിയായ എം.ബി. ഷൈനിയെ പൊലീസ് മർദിക്കുന്ന ചിത്രമാണ് ശബരിമല പ്രതിഷേധത്തിലേത് എന്ന പേരില്‍ പ്രചരിപ്പിച്ചത്.

സിപിഎം സംസ്ഥാന നേതാവായ പി. രാജീവ് ഇത് വ്യക്തമാക്കി ഫേസ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തു. ഷൈനി ഇപ്പോൾ സിപിഎം വൈപ്പിൻ ഏരിയാ കമ്മിറ്റി അംഗമാണെന്നും അദ്ദേഹം വ്യക്തമാക്കി.