ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാനാകാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് വി മുരളീധരന്‍ അന്ന് പറഞ്ഞത്.

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയെ എതിര്‍ത്ത് ബിജെപിയുടെ നേതൃത്വത്തില്‍ നടക്കുന്ന പ്രതിഷേധസമരം നയിക്കാന്‍ നേതാക്കളുടെ നീണ്ട നിരയാണ്. കഴിഞ്ഞ ദിവസം ശബരിമലയില്‍ ബിജെപി മുന്‍ അധ്യക്ഷനും രാജ്യസഭാ എംപിയുമായ വി. മുരളീധരനും സംഘവും എത്തിയിരുന്നു. കോടതിവിധിയുടെ പേരില്‍ ആചാരങ്ങളെ മാറ്റാനാവില്ലെന്നാണ് മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍ രാജ്യത്തിന്റെ ഭരണഘടനയെയും സുപ്രീംകോടതി വിധികളെയും പ്രകീര്‍ത്തിച്ച് നേരത്തെ നടത്തിയ പ്രസ്താവന ഇപ്പോള്‍ മുരളീധരനെ തിരിഞ്ഞ് കൊത്തുകയാണ്.

ഭാരതത്തില്‍ ജീവിക്കുന്നവര്‍ ഭാരതത്തിന്റെ ഭരണഘടന അനുസരിക്കണമെന്നും സുപ്രീംകോടതി വിധിയെ അംഗീകരിക്കാനാകാത്തവര്‍ രാജ്യം വിട്ടുപോകണമെന്നുമാണ് വി മുരളീധരന്‍ പറഞ്ഞത്. നീറ്റ് പരീക്ഷയില്‍ ശിരോവസ്ത്രം ധരിക്കുന്നത് തടഞ്ഞ കോടതിവിധിയെ പരാമര്‍ശിക്കുമ്പോഴായിരുന്നു മുരളീധരന്‍റെ പരാമശം.

2015ല്‍ ബിജെപി സംസ്ഥാന പ്രസിഡന്റായിരിക്കെയായിരുന്നു മുരളീധരന്റെ ഈ പ്രസ്താവന. കോടതിവിധിയും ഭരണഘടനയുമല്ല വിശ്വാസമാണ് വലുതെന്ന് പറഞ്ഞുകൊണ്ടാണ് ബിജെപിയും ഇതേ മുരളീധരനും ശബരിമലയില്‍ സമരകോലാഹലങ്ങള്‍ സൃഷ്‌ടിക്കുന്നത്. മുരളീധരന്‍റെ ഇരട്ടത്താപ്പ് തുറന്ന് കാട്ടി നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്.

മതത്തിന്റെ പേരില്‍ മനുഷ്യരെ തമ്മിലടിപ്പിച്ച് വോട്ടു പിടിക്കാനാണ് ചിലരുടെ ശ്രമമെന്നും ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച് എതിര്‍പ്പുണ്ടാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഈ പ്രസ്താവന നടത്തിയ മുരളീധരന്‍ ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞുവെന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ കോടതി വിധിയെ എതിര്‍ക്കുകയാണെന്നുമാണ് വിമര്‍ശകരുടെ ആരോപണം.