പന്ത്രണ്ടാം തീയതിയാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വാളയാര്‍ അട്ടപ്പള്ളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സഹോദരിമാരായ പെണ്‍കുട്ടികളുടെ വീട് സന്ദര്‍ശിച്ചത്. കോടിയേരി പെണ്‍കുട്ടികളുടെ വീട്ടിലെത്തുന്നു എന്നറിയിച്ച് വാളയാറിലും പരിസരപ്രദേശങ്ങളിലുമെല്ലാം സിപിഎം വാളയാര്‍ ലോക്കല്‍ കമ്മിറ്റി ഫ്ലക്‌സ് വച്ചിരുന്നു.
ഫ്ളക്സുകളില്‍ മരിച്ച പെണ്‍കുട്ടികളുടെ പേര് രേഖപ്പെടുത്തിയിരിക്കുന്നു എന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായത്. ലൈംഗികഅതിക്രമത്തിന് വിധേയരായ പെണ്‍കുട്ടികളുടെ പേരുകള്‍ വെളിപ്പെടുത്തരുതെന്ന് സുപ്രീംകോടതി നിര്‍ദേശമുണ്ടായിരിക്കെ സിപിഎം ഈ പെണ്‍കുട്ടികളുടെ പേര് ഉപയോഗിച്ച് ഫ്ലക്‌സ് സ്ഥാപിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്.
ബിജെപിയടക്കം മറ്റ് രാഷ്ട്രീയപാര്‍ട്ടികളും മരിച്ച പെണ്‍കുട്ടികളുടെ പേര് ഉപയോഗിക്കുന്നുണ്ടെന്നും സിപിഎം ഉപയോഗിച്ചപ്പോള്‍ മാത്രമാണ് ചര്‍ച്ചയായതെന്നുമാണ് സിപിഎമ്മിന്റെ പ്രതികരണം. സംഭവം വിവാദം ആയതോടെ ഫ്ലക്സുകള്‍ പിന്‍വലിച്ച് പ്രാദേശിക നേതൃത്വം തലയൂരി.
