അശാറാമിനൊപ്പമുള്ള മോദിയുടെ ചിത്രങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ് ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ദില്ലി: അഞ്ച് വര്‍ഷം മുമ്പ് പതിനാറുകാരിയെ ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ച കേസില്‍ ആള്‍ദൈവം അശാറാം ബാപ്പു കുറ്റക്കാരനെന്ന് കോടതി വിധിച്ചതിന് പിന്നാലെ മോദിയുടെ ആശാറാമിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കോണ്‍ഗ്രസ്. മുമ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലായ ചിത്രങ്ങളാണ് വിധി വന്നതോടെ വീണ്ടും പ്രചരിക്കുന്നത്. കോണ്‍ഗ്രസിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ പേജിലൂടെയാണ് അശാറാമിനൊപ്പമുള്ള മോദിയുടെ ദൃശ്യങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് ഇത് ഏറ്റെടുത്തത്. മോദിയ്ക്ക് പുറമെ മറ്റ് അശാറാം ബാപ്പുവിനൊപ്പമുള്ള മറ്റ് ബിജെപി നേതാക്കളുടെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. 

Scroll to load tweet…

അതേസമയം കോണ്‍ഗ്രസ് നേതാവ് ദിക്‍വിജയ് സിംഗ് അശാറാമിനൊപ്പം നില്‍ക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.

Scroll to load tweet…

ഇത്തരത്തില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നതിനെതിരെ ബോളിവുഡ് നടനും സംവിധായകനുമായ ഫറാന്‍ അക്തര്‍ രംഗത്തെത്തി. അയാള്‍ക്ക് ശിക്ഷ കിട്ടി. അത് നല്ലതുതന്നെ. എന്നാല്‍ ഇത്തരത്തില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് ശരിയല്ല. കുറ്റക്കാരനെന്ന് കണ്ടെത്തും മുമ്പ് അയാളെ കണ്ടത് തെറ്റല്ലെന്നും ഫറാന്‍ ട്വീറ്റ് ചെയ്തു.

Scroll to load tweet…

അശാറാം ബാപ്പുവിന് ജീവപര്യന്തം തടവ് ശിക്ഷയാണ് ജോധ്പൂര്‍ പ്രത്യേക കോടതി വിധിച്ചിരിക്കുന്നത്. ബാപ്പുവടക്കം മൂന്നു പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയിരുന്നു. അശാറാം ബാപ്പു കുറ്റക്കാരനെന്ന കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഉത്തരേന്ത്യ അതീവ ജാഗ്രതയിലാണുള്ളത്‍. രാജസ്ഥാനടക്കമുള്ള എട്ട് സംസ്ഥാനങ്ങളില്‍ സുരക്ഷശക്തമാക്കി. ആസാറാം ബാപ്പുവിന്‍റെ അനുയായികളായ അഞ്ഞൂറിലധികം ആളുകളെ പൊലീസ് കരുതല്‍ കസ്റ്റഡിയിലെടുത്തു.

ദേരസച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന് എതിരായ കോടതി വിധിക്ക് ശേഷമുണ്ടായ കലാപത്തില്‍ 35പേര്‍ മരിച്ചിരുന്നു.സമാന ആക്രമണ സാധ്യത കണക്കിലെടുത്ത് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷ ഒരുക്കിയത്. ജോധ്പൂര്‍ ജയിലിനും പരിസരത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഈ മാസം മുപ്പത് വരെ നിരോധനാജ്ഞ തുടരും. ജോധ്പൂറിന് സമീപത്തെ ആസാറാം ബാപ്പുവിന്‍റെ ആശ്രമത്തില്‍ നിന്ന് അനുയായികളെ പൊലീസ് ഒഴിപ്പിച്ചു. ഡ്രോണ്‍ ക്യാമറാ നിരീക്ഷണത്തിലായിരുന്നു ജോധ്പൂര്‍ ജയില്‍ പരിസരം. ആസാറാമിന്‍റെ അനുയായികള്‍ കൂടുതലുള്ള മധ്യപ്രദേശ്,ഹരിയാന,ഗുജറാത്ത് സംസ്ഥാനങ്ങളില്‍ അര്‍ധസൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് സുരക്ഷ.

ആസാറാം ബാപ്പുവിന്‍റെ ആശ്രമങ്ങള്‍ എല്ലാം കന്നത്ത പൊലീസ് കാവലിലാണ്. പ്രതിഷേധങ്ങളിലേക്ക് കടക്കരുതെന്ന് ആസാറാം ബാപ്പു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ചില അനുയായികള്‍ പ്രതികരിച്ചു.ആശ്രമത്തിന് പുറത്തേക്ക് അനുയായികള്‍ കൂട്ടമായി കടക്കുന്നത് തടയാന്‍ പ്രവേശന കവാടങ്ങളില്‍ ബാരിക്കേഡുകള്‍ ഉപയോഗിച്ച് പൊലീസ് സുരക്ഷ ശക്തമാക്കി.കോടതി വിധി വരുന്നതിന് മുന്‍പ് ആസാറാമിനായി പ്രത്യേക പ്രാര്‍ത്ഥനകളും രാജ്യത്തെമ്പാടുമുള്ള ആശ്രമങ്ങളില്‍ സംഘടിപ്പിച്ചിരുന്നു.