തിരുവനന്തപുരം: നീതിക്കായി ശ്രീജിത്ത് നടത്തിയ സമരത്തിന് പിന്തുണയുമായി എത്തിയ സോഷ്യൽ മീഡിയ എസ്.എ.ടി ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം മരിച്ച രുദ്രയുടെ കുടുംബത്തിന് വേണ്ടി വീണ്ടും ഒരുമിക്കുന്നു. ഫെബ്രുവരി നാല് ഞായറാഴ്ച്ച രാവിലെ പത്തുമണിക്ക് പാളയം രക്ഷസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിക്കുന്ന പ്രകടനം സെക്രട്ടേറിയേറ്റ് പടിക്കൽ സമരം ചെയ്യുന്ന രുദ്രയുടെ മാതാപിതാക്കളുടെ അടുത്തെത്തി പിന്തുണ പ്രഖ്യാപിക്കും.
'ജസ്റ്റിസ് ഫോർ രുദ്ര' എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 'സോഷ്യൽ മീഡിയയുടെ ശക്തി ശ്രീജിത് വിഷയത്തിൽ സെക്രട്ടേറിയേറ്റ് പടിക്കൽ നാം കണ്ടതാണ്. അതുപോലെ ഈ കുടുംബത്തിനും നീതി ലഭിക്കാൻ നമ്മൾ കൈകോർക്കണമെന്ന് സംഘാടകർ അറിയിച്ചു'. 406 ദിവസമായി തങ്ങളുടെ നാലുമാസം പ്രായമുണ്ടായിരുന്ന മകൾ രുദ്രയുടെ മരണത്തിന് കാരണക്കാരായ ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കണം എന്നാവശ്യപ്പെട്ട് രുദ്രയുടെ പിതാവ് മാറാനല്ലൂർ സ്വദേശി സുരേഷ്, മാതാവ് രമ്യ എന്നിവർ സെക്രട്ടറിയേറ്റ് പടിക്കൽ സമരം കിടക്കുകയാണ്.
ഇവരുടെ ഒരേയൊരു ആവശ്യം തങ്ങളുടെ മകൾക്ക് വന്ന അവസ്ഥ ഇനി മറ്റൊരു കുഞ്ഞിനും വരരുത് എന്നാണ്. ഇവരുടെ സമരം പല തരത്തിൽ താകർക്കാനുളള നീക്കങ്ങൾ നടന്നു വരികയാണ്. ഇതിനുദാഹരണമാണ് ദിവസങ്ങൾക്ക് മുൻപ് രുദ്രയുടെ മാതാപിതാക്കൾക്ക് പിന്തുണയുമായി എത്തിയ സാമൂഹിക പ്രവർത്തകയായ അശ്വതി ജ്വാലയെയും ഒപ്പമുണ്ടായിരുന്ന മറ്റു നാലുപേരെയും കന്‍റോണ്‍മെന്‍റ് സി.ഐ സ്റ്റേഷനിലേക്ക് കൊണ്ടു പോയി രുദ്രയുടെ മാതാപിതാക്കളെ കുറിച്ചു മോശമായി സംസാരിക്കുകയും സമരത്തിന് പിന്തുണ പ്രഖ്യാപിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
അതിനാൽ അന്ന് ആ പരിപാടി നടത്താൻ കഴിഞ്ഞിരുന്നില്ല. രണ്ടു ദിവസം മുൻപ് ജില്ലാ കളക്ടർ വാസുകിയുടെ നേതൃത്വത്തിൽ രുദ്രയുടെ മതപിതാക്കളുമായി ചർച്ച നടത്തുകയും ചർച്ചയിൽ ജില്ലാ കളക്ടർ അവരോട് മോശമായി സംസാരിച്ചതായും ഏഷ്യാനെറ്റ് ന്യൂസ് ഓണലൈൻ വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെ ഈ കുടുംബം നേരിട്ട നീതി നിഷേധത്തിനെതിരെ നിരവധിപ്പേർ സമൂഹ്യമാധ്യമങ്ങൾ വഴി രംഗത്തെത്തിയിട്ടുണ്ട്.
ഇവരുടെ നേതൃത്വത്തിൽ ജസ്റ്റിസ് ഫോർ രുദ്ര എന്ന പേരിൽ വാട്ട്‌സ് ആപ്പ് ഗ്രൂപ്പും ആരംഭിച്ചിട്ടുണ്ട്. കൂടാതെ ജസ്റ്റിസ് ഫോർ രുദ്ര എന്ന പേരിൽ ഒരു ഫേസ്‌ബുക്ക് പേജും സജീവമാക്കിയിട്ടുണ്ട്. സുരേഷിനും രമ്യയ്ക്കും തങ്ങളുടെ മകളുടെ മരണത്തിന് കാരണക്കാരായ ഡോക്ടർമാരെ നിയമത്തിനു മുന്നിൽ കൊണ്ടു വരണമെന്നും ഇനി മറ്റൊരു കുഞ്ഞിനോടും ഈ ക്രൂരതെ കാണിക്കാതിരിക്കാൻ ഇവർക്ക് തക്ക ശിക്ഷ കൊടുക്കണമെന്ന ആവശ്യവുമാണ് ഉള്ളത്.
പാഴ്‌വാക്കുകൾ നൽകി തങ്ങളെ പല തവണ മുഖ്യമന്ത്രി അടക്കമുള്ള അധികൃതർ പറ്റിച്ചതായി സുരേഷ് പറയുന്നു. പലരുടെയും പരിഹാസങ്ങളും പുച്ഛവും, ഭീഷണികളുമൊക്കെ ഏറ്റുവാങ്ങിട്ടും ഈ സമരം അവസാനം വരെ കൊണ്ടുപോകുമെന്നു പറയുന്നത് സ്നേഹിച്ചു കൊതിത്തീരും മുൻപ് മകളെ നഷ്ടപ്പെട്ട ഒരമ്മയുടെ വേദനയാണെന്നും ഇനിയോരമ്മയ്ക്കും ഈ അവസ്ഥ ഉണ്ടാകാരുതെന്നും രമ്യ പറഞ്ഞു.
കഴിഞ്ഞ ജൂലൈ പത്താം തീയതിയാണ് ഗുരുതരമായ പോഷകാഹാര കുറവുമൂലം കുട്ടികള്‍ക്കുണ്ടാകുന്ന സിവിയര്‍ അക്യൂട്ട് മാല്‍ ന്യൂട്രീഷന്‍ എന്ന അസുഖത്തിന്റെ മൂര്‍ധന്യാവസ്ഥയിൽ നാലുമാസം പ്രായമായ രുദ്ര മരണമടഞ്ഞത്. കുഞ്ഞിന് ത്വക്ക് സംബന്ധമായ അസുഖം മാത്രമാണ് ഉണ്ടായിരുന്നത് എന്നും ആസ്പത്രിയിൽ ചികിത്സയ്‌ക്കെത്തുമ്പോൾ പരിശോധനകളിൽ കുഞ്ഞിന് മറ്റു ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതായി അധികൃതർ പറഞ്ഞിരുന്നില്ല എന്നും മാതാപിതാക്കൾ പറയുന്നു.

ഐ.സി യുവിൽ കുഞ്ഞിനെ ത്വക്ക് രോഗത്തിന് മാത്രമാണ് ചികിത്സ നൽകിയതെന്നും മാതാപിതാക്കൾ പറയുന്നു.പ്രതിരോധ കുത്തിവെയ്പ്പ് എടുക്കുമ്പോൾ ഉണ്ടാകുന്ന പനിയും രണ്ടായിരത്തി പതിനേഴു ജൂൺ പതിനാലിന് ത്വക് രോഗ ചികിത്സയ്ക്ക് വന്നതും മാത്രമാണ് കുട്ടിക്ക് അസുഖമായി ഈ കാലയളവിൽ ഉണ്ടായത്. എന്നാൽ എസ്.എ.ടി യിലെ ഡോക്ടർമാരും മെഡിക്കൽ കോളേജ് ത്വക് രോഗ വിഭാഗവും ചികിത്സയിൽ നടത്തിയ അനാസ്ഥയാണ് കുട്ടി മരിക്കാനിടയായത് എന്നു മാതാപിതാക്കൾ ഇപ്പോഴും ഉറപ്പിച്ചു പറയുന്നു.
കുട്ടിക്ക് മൂന്നു കിലോ ഗ്രാം തൂക്കമേ ഉണ്ടായിരുന്നുള്ളു എന്നു അധികൃതർ പറയുന്നതിലും വൈരുധ്യമുള്ളതായി ഇവർ പറയുന്നു. കുട്ടിയെ ജൂൺ പതിനാലിന് ആസ്പത്രിയിലെത്തിക്കുമ്പോൾ ഒ പി യിൽ തൂക്കം എടുത്തത് 4.76 കിലോ ആണ്. എന്നാൽ കുട്ടിയുടെ തൂക്കം മൂന്നു കിലോയിൽ താഴെ മാത്രം എന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. ഇവിടുത്തെ ചികിത്സ നൽകിയ ശേഷമാണ് കുട്ടിയുടെ തൊലി ചുരുങ്ങി വരളാനും പൊളിഞ്ഞിളകാനും തുടങ്ങിയത്.
ഇതോടെ കുട്ടിയുടെ ഭാരവും കുറഞ്ഞിരുന്നു. എസ് എ ടി യിൽ അഡ്മിറ്റ് ആയി കുട്ടിയുടെ നില വഷളായതോടെയാണ് കുട്ടിയുടെ പിതാവും നാട്ടുകാരും സംഘടിക്കുകയും ഇതിനെ തുടർന്നു കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാൻ തന്നെ അധികൃതർ തയ്യാറാറായത്. ഈ സമയവും ത്വക് രോഗ ചികിത്സയല്ലാതെ മറ്റു ചികിത്സകൾ ചെയ്യുന്നതായി ആരും തങ്ങളോട് പറഞ്ഞിരുന്നില്ല എന്നു സുരേഷ് പറഞ്ഞു.
അതേ സമയം ആസ്പത്രി അധികൃതർ പറയുന്ന രോഗം ഉണ്ടായിരുന്നു എങ്കിൽ ആദ്യ പരിശോധനകളിൽ തന്നെ കുട്ടിക്ക് വിളർച്ച ബാധിച്ചതായി കണ്ടെത്തുമായിരുന്നു. മരണം സംഭവിച്ച ശേഷമാണ് കുട്ടി വൃക്ക രോഗം പിടിപ്പെട്ടാണ് മരിച്ചത് എന്നു പറയുന്നത്. എന്നാൽ അന്നും പോഷകാഹാര കുറവ് കൊണ്ടു കുട്ടിക്ക് ഗുരുതര പ്രശ്നം ഉള്ളതായി പറഞ്ഞിരുന്നില്ല. സംഭവം വിവാദമായതോടെ ഇല്ലാത്ത രോഗങ്ങളുടെ പട്ടിക ഉണ്ടാക്കി തെറ്റിധാരണ പരത്തുകയാണ് അധികൃതർ ചെയ്യുന്നത് എന്നും തങ്ങളോട് എന്തിനു ഇത്തരത്തിൽ ചെയ്തു എന്നുമാണ് ഇവർ ചോദിക്കുന്നത്.
വിദഗ്ദ്ധ ചികിത്സയും പരിശോധനയും നടത്തിയിട്ടും ആദ്യ ഘട്ടത്തിൽ കുട്ടിക്ക് ഗുരുതര ആരോഗ്യ പ്രശ്നം കണ്ടു പിടിക്കാൻ കഴിയാതിരിക്കുന്നതും ജൂൺ പതിനാലിന് നൽകിയ ഓയിന്റ്മെന്റുകൾ മാറ്റി വിശദ പരിശോധന നടത്താതെ രണ്ടാം തവണയും ഓയിന്റ്മെന്റ് മാത്രം നൽകി വീട്ടിൽ അയച്ചത് എന്തിനു എന്ന സംശയവും നിലനിൽക്കുന്നു. പോഷകാഹാര കുറവ് ഉണ്ടെങ്കിൽ രണ്ടാം തവണ എത്തുമ്പോൾ എങ്കിലും ഇതു ഡോക്ടറുടെ ശ്രദ്ധയിൽ പെടേണ്ടതല്ലേ എന്ന സംശയവും രക്ഷിതാക്കള്‍ക്ക് ഉയർന്നിരുന്നു.
അന്ന് സംഭവം വിവാദമായതോടെ അടക്കം ചെയ്ത കുട്ടിയുടെ മൃതദേഹം പുറത്തെടുത്തു ആർ ഡി ഓ സാനിധ്യത്തിൽ ഡി വൈ എസ് പി മറ്റു പോലീസ് ഉദ്യോഗസ്ഥർ പോലീസ് സർജൻ എന്നിവരുടെ സാനിധ്യത്തിൽ പോസ്റ്റ്‌മോർട്ടം നടത്തി. കുഞ്ഞിന്റെ ആന്തരിക അവയവങ്ങൾ ഉൾപ്പടെ രാസപരിശോധനയ്ക്കായി എടുക്കുകയും ചെയ്തു.ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ മരണ കാരണം ന്യുമോണിയ എന്നായി. ഇതോടെ ആശുപത്രി അധികൃതരുടെ വാദങ്ങൾ എല്ലാം പൊളിഞ്ഞു.
എന്നാൽ മാതാപിതാക്കളുടെ പരാതിക്കു തീരുമാനം ഉണ്ടാക്കാൻ സർക്കാരിനോ ഭരണ കോടതിനോ കഴിഞ്ഞില്ല .ഇതോടെ സുരേഷും രമ്യയും സെക്രട്ടേറിയറ്റിലെ മെഡിക്കൽ കോളേജ് എസ് എ ടി യിലും ഒക്കെ സമരവുമായി മുന്നോട്ടു പോയി. വിവിധ രാഷ്ട്രീയ കക്ഷികൾ മാതാപിതാക്കളുടെ ആവശ്യം അംഗീകരിച്ചു നടപടി ഉണ്ടാക്കണമെന്ന് പ്രസ്താവനകൾ ഇറക്കി. മുഖ്യ മന്ത്രി നേരിട്ട് വിളിപ്പിച്ചു പത്തു ദിവസത്തിൽ നടപടി ഉണ്ടാകുമെന്നു ഉറപ്പു നൽകിയെങ്കിലും ഫലം കണ്ടില്ല. ഒടുവിൽ സമര മുഖത്തു നിന്നും പിന്മാറണം എന്ന് പോലീസിന്റെയും ഇടതു പക്ഷ പ്രവർത്തകരുടെയും ഭീഷണിയും ഈ കുടുംബത്തിന് നേരിടേണ്ടി വന്നു.
യൂത്തു കമ്മീഷൻ നേരിട്ടെത്തി സ്വീകരിച്ച പരാതിയിൽ അന്വേഷണങ്ങൾക്കൊടുവിൽ കുടുംബത്തിന് രണ്ടു ലക്ഷം രൂപ താത്കാലിക സഹായം അനുവദിക്കുകയും സംഭവത്തിൽ ഡോക്ടർമാരുടെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഇവർക്കെതിരെ നടപടിയെടുക്കാനും യൂത്ത് കമ്മീഷൻ നിർദേശിച്ചിരുന്നു. എന്നാൽ കേസന്വേഷണം പിന്നീട് മുന്നോട്ടു പോയില്ല . രുദ്രയുടെ മാതാപിതാക്കളുടെ അടുത്ത് നിന്നും നിരവധി പേപ്പറുകൾ പോലീസ് ഒപ്പിട്ടു വാങ്ങി. ഇതിനിടെ സെക്രട്ടറിയേറ്റിനു മുന്നിലെ ഇവരുടെ സമരപന്തലും ചിലർ തകർത്തിരുന്നു.
