Asianet News MalayalamAsianet News Malayalam

വ്യാജഏറ്റുമുട്ടല്‍ക്കേസ്: അനുകൂല വിധി പറയാന്‍ ചീഫ് ജസ്റ്റിസ് നൂറ് കോടി വാഗ്ദാനം ചെയ്തതായി ആരോപണം

Sohrabuddin Fake Encounter Case
Author
First Published Nov 21, 2017, 6:48 PM IST

മുംബൈ: അമിത് ഷാ പ്രതിയായിരുന്ന  സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസിന്റെ  വാദം കേട്ട ന്യായാധിപന് അനുകൂല വിധി പറയാന്‍ ചീഫ് ജസ്റ്റിസ് നൂറ് കോടി രൂപ വാഗ്ദാനം ചെയ്തതായി വെളിപ്പെടുത്തല്‍. 

കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ 2014-ല്‍ മരണപ്പെട്ട സിബിഐ ജഡ്ജി ബി.എച്ച്. ലോയയുടെ സഹോദരിയാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അന്നത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൊഹിത് ഷായാണ് അനുകൂലമായ വിധി പറയാന്‍ നൂറ് കോടി രൂപ സഹോദരന് വാഗ്ദാനം ചെയ്തതെന്നാണ് ബി.എച്ച്.ലോയയുടെ സഹോദരി ഡോ.അനുരാധ ബിയാനിയുടെ വെളിപ്പെടുത്തല്‍. 

2014-ലെ ദീപാവലി ആഘോഷങ്ങള്‍ക്കായി കുടുംബാംഗങ്ങള്‍ ഒത്തുകൂടിയപ്പോള്‍ ആണ് ലോയ തനിക്ക് കിട്ടിയ വാഗ്ദാനം കാര്യം കുടുംബാംഗങ്ങളോട് വെളിപ്പെടുത്തിയതെന്നാണ് വാര്‍ത്ത പുറത്തു വിട്ട കാരവന്‍ മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. അനുകൂലമായി വിധി പ്രസ്താവിച്ചാല്‍ പണവും ഒരു വീടും കിട്ടുമെന്ന ഓഫര്‍ ലഭിച്ച കാര്യം മകന്‍ തന്നോട് പങ്കുവച്ചെന്ന് ബി.എച്ച്.ലോയയുടെ പിതാവ് ഹരികൃഷ്ണനും കാരവന്‍ റിപ്പോര്‍ട്ടറോട് വെളിപ്പെടുത്തുന്നുണ്ട്. 

തന്റെ വസതിയിലേക്ക് വിളിച്ചു വരുത്തിയാണ് ചീഫ് ജസ്റ്റിസ് മൊഹിത് ഷാ ലോയക്ക് കോഴ വാഗ്ദാനം ചെയ്തതെന്ന് അനുരാധ പറയുന്നു. സിവില്‍ ഡ്രസ്സില്‍ തന്നെ വന്നു കാണാനായിരുന്നു മൊഹിത് ഷാ ലോയയോട് ആവശ്യപ്പെട്ടത്. ഡിസംബര്‍ 30-ന് വിധി വരികയാണെങ്കില്‍ അത് വലിയ വാര്‍ത്തയാവില്ലെന്നും അതിനേക്കാള്‍ ജനശ്രദ്ധ നേടുന്ന മറ്റൊരു വാര്‍ത്ത വരുമെന്നും മൊഹിത് ഷാ പറഞ്ഞതായും അനുരാധ വെളിപ്പെടുത്തുന്നു. 

അനുരാധയുടെ വാക്കുകള്‍ അവരുടെ പിതാവ് ഹരികൃഷ്ണന്‍ ശരി വയ്ക്കുന്നു. മുംബൈയില്‍ ഒരു വീട് വേണോയെന്ന് മൊഹിത് ഷാ ലോയയോട് ചോദിച്ചു, വീട് വയ്ക്കാന്‍ എത്ര സ്ഥലം വേണമെന്നും എത്ര പണം വേണമെന്നും ചോദിച്ചു.... പക്ഷേ എന്റെ മകന്‍ ആ ഓഫര്‍ വേണ്ടെന്ന് തുറന്നു പറഞ്ഞു. ഒന്നെങ്കില്‍ താന്‍ ജോലി രാജിവയ്ക്കാമെന്നും അല്ലെങ്കില്‍ തന്നെ സ്ഥലം മാറ്റാനും ലോയ ആവശ്യപ്പെട്ടു. ഈ പണി നിര്‍ത്തി താന്‍ ഗ്രാമത്തില്‍ പോയി കൃഷി ചെയ്‌തോളാമെന്നും അവന്‍ ചീഫ് ജസ്റ്റിസിനോട് പറഞ്ഞു..... മകന്‍ തന്നോട് പറഞ്ഞ കാര്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് ഹരികൃഷ്ണന്‍ പറയുന്നു.

ലോയയുടെ മരണശേഷം അസാധാരണമായ രീതിയിലാണ് കോടതിയുടെ നടപടികള്‍ നീങ്ങിയതെന്ന് സൊഹ്‌റാബുദീന്റെ സഹോദരന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ മിഹിര്‍ ദേശായി പറയുന്നു. ലോയ മരണപ്പെട്ടപ്പോള്‍ അദ്ദേഹത്തിന് പകരം കേസില്‍ വിധി പറയാനെത്തിയത് ജഡ്ജി എം.ബി ഗോസവിയാണ്. 

ചുമതലയേറ്റതിന് പിറകേ 2014 ഡിസംബര്‍ 15-ന് ഗോസവി അമിത് ഷാ നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ ആരംഭിച്ചു. അമിത് ഷായുടെ അഭിഭാഷകന്റെ മൂന്ന് ദിവസം നീണ്ടു നിന്ന വാദം ഗോസവി കേട്ടു. അതിന് ശേഷം സിബിഐ അഭിഭാഷകന്‍ ഹര്‍ജിയെ എതിര്‍ത്ത് 15 മിനിട്ട് വാദിച്ചു. തുടര്‍ന്ന് വിധി പറയാന്‍ ജഡ്ജി കേസ് മാറ്റിവച്ചു.

ലോയ മരണപ്പെട്ട് ഒരു മാസം തികയുന്ന ഡിസംബര്‍ 30-ന് പ്രതിഭാഗം വാദം ശരിവച്ചു കൊണ്ട് അമിത് ഷായെ കുറ്റവിമുക്തനാക്കി കോടതി വിധി പ്രസ്താവിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളോടെ സിബിഐ അമിത്ഷായെ കേസില്‍ കുടുക്കുകയായിരുന്നുവെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍. അതേദിവസം തന്നെ വളരെ പ്രധാനപ്പെട്ട മറ്റൊരു വാര്‍ത്ത കൂടി പുറത്തു വന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ചുവെന്നായിരുന്നു ആ വാര്‍ത്ത.ലോയയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന്‍ അനൂജ് തന്റേയും കുടുംബാംഗങ്ങളുടേയും ജീവന് ഭീഷണിയുണ്ടെന്ന് ആരോപിച്ച് കത്ത് എഴുതിയ കാര്യവും കാരവന്‍ മാസികയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ലോയയുടെ മരണത്തില്‍ ദുരൂഹതകളുണ്ടെന്ന് ആരോപണം ഉയര്‍ന്നതിന് പിറകേയാണ് അദ്ദേഹത്തിന് കോഴ വാഗ്ദാനം ലഭിച്ച കാര്യവും പുറത്തു വരുന്നത്.

സൊഹ്‌റാബുദ്ദീന്‍ വധക്കേസ്
സൊഹ്‌റാബുദീന്‍ ഷെയ്ഖ്, ഭാര്യ കൗസര്‍ബി എന്നിവരെ ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) ആന്ധ്രാപ്രദേശിലെ ഹൈദരാബാദില്‍ നിന്നും തട്ടിക്കൊണ്ടു പോയി ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപം വച്ച് വ്യാജഏറ്റുമുട്ടലില്‍ വധിച്ച സംഭവമാണ് കേസിന് ആധാരം. 

2005 നവംബറില്‍ നടന്ന സംഭവത്തിന് ദൃക്‌സാക്ഷിയായിരുന്ന തുളസീറാം പ്രജാപതി എന്നയാളെ ഗുജറാത്തിലെ ചിപി ഗ്രാമത്തില്‍ വച്ച് 2006 ഡിസംബറില്‍ പോലീസ് മറ്റൊരു വ്യാജഏറ്റുമുട്ടലില്‍ വധിച്ചിരുന്നു. ഈ രണ്ട് കേസുകളും ഒരുമിച്ച് വാദം കേള്‍ക്കാന്‍ 2013-ല്‍ സുപ്രീംകോടതി ഉത്തരവിട്ടു. സൊഹ്‌റാബുദ്ദീന്‍ വധക്കേസില്‍ 2010 ജൂലൈയിലാണ് സിബിഐ അമിത് ഷായെ അറസ്റ്റ് ചെയ്യുന്നത്. സൊഹ്‌റാബുദ്ദീന്‍ കൊല്ലപ്പെടുമ്പോള്‍ അമിത് ഷാ ആയിരുന്നു ഗുജറാത്ത് അഭ്യന്തരമന്ത്രി. പിന്നീട് 2012-ല്‍ കേസിന്റെ വിചാരണ സുപ്രീംകോടതി ഗുജറാത്തില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് മാറ്റി. കേസിലെ 38 പ്രതികളില്‍ 15 പേരെ വിചാരണയ്‌ക്കൊടുവില്‍ മുംബൈയിലെ സിബിഐ കോടതി വിട്ടയച്ചു. ഇതില്‍ 14 പേരും ഐപിഎസ് ഉദ്യോഗസ്ഥരായിരുന്നു.
 

Follow Us:
Download App:
  • android
  • ios