രണ്ട് ദിവസങ്ങളിലായി മൂന്നര മണിക്കൂര്‍ നീണ്ട സാക്ഷി വിസ്താരത്തില്‍ തൊണ്ണൂറ്റിയെട്ട് ചോദ്യങ്ങളാണ് സോളാര്‍ കേസിലെ പരാതിക്കാരന്‍ എംകെ കുരുവിളയുടെ അഭിഭാഷകന്‍ ബിഎന്‍ ജയദേവ ഉമ്മന്‍ചാണ്ടിയോട് ചോദിച്ചത്. സോളാര്‍ കേസില്‍ ബംഗളുരു കോടതിയില്‍ നിന്നുള്ള നോട്ടീസ് ലഭിച്ച അന്ന് തന്നെ തിരുവനന്തപുരത്തുള്ള അഭിഭാഷകനായ സന്തോഷ് കുമാറിനെ വക്കാലത്ത് ഏല്‍പ്പിച്ചിരുന്നുവെന്നും ഇദ്ദേഹം ബംഗളുരുവിലെ രവീന്ദ്രനാഥ് എന്ന വക്കീലിനെ കേസ് നടത്താന്‍ ഏല്‍പ്പിച്ചതായി തന്നെ അറിയിച്ചുവെന്നും ഉമ്മന്‍ചാണ്ടി കോടതിയെ അറിയിച്ചു.

എന്നാല്‍ ഇതിന് ശേഷം കേസിന്റെ പുരോഗതി സംബന്ധിച്ച് തനിക്ക് വിവരമൊന്നും ലഭിച്ചില്ലെന്നും അതിനാലാണ് കോടതിയില്‍ ഹാജരാകാതിരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവന്തപുരത്തേയും ബംഗളുരുവിലേയും വക്കീലന്മാര്‍ക്കിടയിലെ ആശയവിനിയമത്തിലുണ്ടായ പ്രശ്‌നങ്ങളാണ് കേസ് നടത്തിപ്പിലെ ബാധിച്ചതെന്നും ഉമ്മന്‍ചാണ്ടി വാദി ഭാഗം അഭിഭാഷകന്റെ ചോദ്യത്തിന് മറുപടി നല്‍കി. 

കേസിലെ രണ്ടാം പ്രതി ബിനു നായരും മറ്റന്നാള്‍ കോടതിയില്‍ ഹാജരാകും. സോളാര്‍ പവര്‍ പ്രോജക്ട് തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് എംകെ കുരുവിളയില്‍ നിന്ന് പണം തട്ടിയ കേസില്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള ആറ് പ്രതികള്‍ ഒരു കോടി അറുപത് ലക്ഷത്തി എണ്‍പത്തി അയ്യായിരത്തി എഴുന്നൂറ് രൂപ പരാതിക്കാരന് തിരിച്ചുനല്‍കണമെന്നായിരുന്നു ബംഗളുരു കോടതി വിധി.