എറണാകുളം റേഞ്ച് ഐജി കെ പത്മകുമാറിന്റെ നിർദേശ പ്രകാരമാണ് താൻ സരിത എസ് നായരെ അറസ്റ്റ് ചെയ്യാൻ തിരുവന്തപുരം ഇടപ്പഴഞ്ഞിയിലുള്ള അവരുടെ വീട്ടിലെത്തിയതെന്ന് പെരുന്പാവൂർ മുൻ ഡിവൈഎസ്പി കെ ഹരികൃഷ്ണൻ സോളാർ കമ്മീഷന് മുന്നില്‍ മൊഴി നല്‍കി. അന്വേഷണ ചുമതലയുണ്ടായിരുന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി റോയി വേണ്ടവിധം നടപടിയെടുത്തില്ല. അന്വേഷണ പുരോഗതിക്ക് മേൽനോട്ടം വഹിക്കണമെന്നും സരിതയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഐജി പത്മകുമാർ തന്നോട് ആവശ്യപ്പെട്ടു. അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ സരിതയെ അറസ്റ്റ് ചെയ്യാൻ വിട്ടു. താനും തിരുവനന്തപുരത്തെത്തി. അറസ്റ്റിനുശേഷം താൻ അവിടെയെത്തി മേൽനോട്ടം വഹിച്ചെന്നും ഡിവൈഎസ്പി ഹരികൃഷ്ണൻ മൊഴി നൽകി.
എന്നാൽ സരിതയുടെ വീട് പരിശോധിച്ചില്ല.അന്ന് ഈ കേസിന് മറ്റ് പ്രാധാന്യമൊന്നും ഉണ്ടായിരുന്നില്ല. സാധാരണ വഞ്ചനാകേസിൽ വീട് പരിശോധിക്കാറില്ലെന്നും ഡിവൈഎസ്പി ഹരികൃഷ്ൻ കമ്മീഷന്റെ ചോദ്യത്തിന് മറുപടി നൽകി. സരിതക്കെതിരെ പരാതി നല്‍കിയ സജാദിന്റെ കേസ്, ഒരു സാധാരണ വഞ്ചനാ കേസ് മാത്രമായിട്ടാണോ ഡിവൈസ്എസ്പി മനസിലാക്കിയിരിക്കുന്നതെന്നും കമ്മീഷൻ ആരാഞ്ഞു. എങ്കിൽ പിന്നെയെന്തിനാണ് സരിതയെ അറസറ്റ് ചെയ്യാൻ ഇത്ര തിടുക്കം കാട്ടിയതെന്നായി കമ്മീഷന്റെ അടുത്ത ചോദ്യം. അന്വേഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ഒഴിവാക്കി സരിതയെ അറസ്റ്റ് ചെയ്യാൻ പോയഡിവൈഎസ്പിയുടെ നടപടിയിലും കമ്മീഷൻ സംശയം പ്രകടിപ്പിച്ചു
ഡിവൈഎസ്പി ഹരികൃഷ്ണന്റെ വിസ്താരം നാളെയും തുടരും. തന്റെ പക്കൽ നിന്നും പെൻഡ്രൈവും സിഡികളും ലാപ്പ്ടോപ്പും 54000 രൂപയും പൊരുന്പാവൂർ പൊലീസ് പിടിച്ചെടുത്തെന്ന സരിതയുടെ മൊഴിയിൽ നാളെ കമ്മീഷൻ തെളിവെടുക്കും. അതിനിടെ സരിതയുടെ മൂന്ന് മൊബൈൽഫോൺ കോൾ രേഖകളും മുഖ്യമന്ത്രിയുട വസതിയിലെ ലാന്റ് ഫോൺ വിശദാംശങ്ങളുടെ രേഖയും നൽകണമെന്നാവശ്യപ്പെട്ട് പൊലീസ് അസോസിയഷന്‍ നൽകിയ ഹർജിയിൽ കമ്മീഷൻ വാദം കേട്ടു.
