കൊച്ചി: കൊച്ചി മെട്രോയ്ക്കായി സൗരോര്‍ജ പദ്ധതി ഉപയോഗിക്കാന്‍ തീരുമാനമായി. ആദ്യ ഘട്ടത്തില്‍ നാലു മെഗാവാട്ട് സോളാര്‍ വൈദ്യുതി ലഭ്യമാക്കുന്നതിനു സ്വകാര്യ സംരഭകരുമായാണ് കെഎംആര്‍എല്‍ ധാരണാപത്രം ഒപ്പിട്ടത്.
സംസ്ഥാനം കടുത്ത വൈദ്യുത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കൊച്ചി മെട്രോക്കായി സൗരോര്‍ജ്ജ പദ്ധതിയും ഉപയോഗിക്കാനുളള തീരുമാനം നേരത്തെ തന്നെ ഉയര്‍ന്നതാണ്. മെട്രോ സ്റ്റേഷനു മുകളില്‍ സോളാര്‍ പാനലുകള്‍ സ്ഥാപിച്ചു വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനാണു നീക്കം. ഇതിന്റെ ആദ്യപടിയായി നാല് മെഗാവാട്ട് സോളാര്‍ പവര്‍ വാങ്ങുന്നതിനാണു ധാരണാപത്രം ഒപ്പു വെച്ചത്.
കെഎംആര്‍എല്‍ എംഡി ഏലിയാസ് ജോര്‍ജിന്റെ സാന്നിധ്യത്തില്‍ ഹീറോ സോളാര്‍ എനര്‍ജി ലിമിറ്റഡ് കമ്പനി അധികൃതരുമായാണു കരാര്‍ ഒപ്പിട്ടത്. കരാര്‍ പ്രകാരം ഒരു മെഗാവാട്ട് വൈദ്യുതി ഒക്ടോബര്‍ രണ്ടോടെ ലഭ്യമാകും. മെട്രോയുടെ ആദ്യഘട്ടത്തില്‍ 22 സ്റ്റേഷനുകളും ഒരു ഡിപ്പോയുമാണ് ഉള്‍പ്പെടുന്നത്. ഈ 22 സ്റ്റേഷനുകളുടെയും മെട്രോ യാര്‍ഡിലെ കെട്ടിടത്തിനും മുകളിലും സൗരോര്‍ജ്ജ പാനലുകള്‍ സ്ഥാപിക്കാനാണു കെഎംആര്‍എല്‍ ലക്ഷ്യമിടുന്നത്.
വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനും അറ്റകുറ്റപണിക്കുമെല്ലാമുളള ചെലവു സ്വകാര്യ സംരംഭകര്‍ വഹിക്കും. 27 കോടിയാണു പ്രതീക്ഷിക്കുന്ന ചെലവ്.
രാജ്യത്തെ മെട്രോ പദ്ധതികളില്‍ ഏറ്റവും കുറഞ്ഞ ചെലവില്‍ സൗരോര്‍ജ്ജ പദ്ധതി നടപ്പാക്കുന്നതു കൊച്ചി മെട്രോയാണ്. ഒമ്പതു മാസത്തിനകം പദ്ധതി പൂര്‍ത്തിയാകും. പദ്ധതിചെലവിന്റെ 15 ശതമാനം കേന്ദ്രസഹായമായി കെഎംആര്‍എല്ലിനു ലഭിക്കും.
