തിരുവനന്തപുരം: ഉമ്മൻചാണ്ടിയും കെ.സി.വേണുഗോപാലും ലൈഗിംക പീഡനം നടത്തിയത് ഔദ്യോഗിക വസതികളിലാണെന്ന് എഫ്ഐആർ. ക്ലിഫ് ഹൗസിലും റോസ് ഹൗസിലും വച്ചാണ് പീഡനം നടന്നതെന്ന് എഫ്ഐആറിൽ പറയുന്നു. സരിത എസ്.നായർ നൽകിയ പുതിയ പരാതികളുടെ അടിസ്ഥാനത്തിലാണ് കേസെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു. എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട് നേതാക്കള്‍ കോടതിയിലേക്ക് നീങ്ങുകയാണ്. 

ഉമ്മൻചാണ്ടിക്കെതിരെ പ്രകൃതി വിരുദ്ധ ലൈഗിക പീഡനത്തിനാണ് കേസ്.  2012ൽ ഒരു ഹർത്താൽ ദിവസം ക്ലിഫ് ഹൗസിൽ വച്ച് ഉമ്മൻചാണ്ടി പീഡിച്ചുവെന്നാണ് ക്രൈം ബ്രാഞ്ചിൻറെ എഫ്ഐആറിൽ പറയുന്നത്. മുൻ മന്ത്രി എ.പി. അനി ൽകുമാറിൻറെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ വച്ച് പീ‍ഡിപ്പിച്ചുവെന്നാണ് കെ.സി.വേണുഗോപാൽ എംപിക്കെതിരായ കേസ്. 

ഔദ്യോഗിക വസതികളിൽ കേസന്വേഷണത്തിൻറെ ഭാഗമായി  പരാതിക്കാരിയുമായി എത്തി പൊലീസ് താമസിയാതെ തെളിവെടുക്കും. സരിതയുടെ ആദ്യ മൊഴിയില്‍ കേസെടുക്കാൻ തയ്യറാകാതിരുന്ന ഐജി ദിനേന്ദ്ര കശ്യപിൻറെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു പകരമാണ് പുതിയ സംഘത്തെ കേസേൽപ്പിക്കുന്നത്. 

ഒരു  പരാതിയിൽ നിരവധിപ്പേർക്കെതിരെ ലൈഗിംക പീഡനത്തിന് കേസെടുക്കാനാവില്ലെന്ന നിലപാടിലായിരുന്നു ഐജി. സരിത ജയിലിൽ നിന്നുമെഴുതിയ കത്തിൻറെ അടിസ്ഥാനത്തില്‍ കേസെടുക്കണമെന്ന സോളാർ കമ്മീഷൻ ശുപാർശ ഹൈക്കോടതി റദ്ദാക്കിയതോടെ പ്രത്യേക സംഘത്തിൻറെ പ്രവ‍ർത്തനവും തട്ടസ്സപ്പെട്ടിരുന്നു. ഓരോരുത്തർക്കുമെതിരെ പ്രത്യേകം പരാതികള്‍ ലഭിച്ചാൽ കേസെടുക്കാമെന്ന് പൊലീസിന് നിയമോപദേശം ലഭിച്ചതിന് പിന്നാലെയാണ് സരിത പുതിയ പരാതികള്‍ നൽകിയത്. എംഎസ്പി കമാന്‍റന്‍റ് അബ്ദു കരീമിൻറെ നേതൃത്വത്തിലാണ് പുതിയ സംഘം.  

ആദ്യത്തെ അന്വേഷണ സംഘത്തിലുള്ള രണ്ട് ഡിവൈഎസ്പിമാരെ പുതിയ  സംഘത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻ മന്ത്രിമാരായ അടൂർ പ്രകാശ്, ആര്യാടൻ മുഹമ്മദ്, എ പി അനിൽകുമാർ, കോണ്‍ഗ്രസ് നേതാവ് എൻ. സുബ്രമണ്യം, ബഷീർ അലി തങ്ങള്‍, സഫറുള്ള എന്നവർക്കെതിരെ കൂടി എഡിജിപി അനിൽ കാന്തിന് സരിത പരാതി നൽകിയിട്ടുണ്ട്. വൈകാതെ ഈ പരാതികളിലും കേസെടുക്കും. അധികം താമസിയാതെ എല്ലാ പരാതികളിലും സരിതയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. എഫ്ഐആർ റദ്ദാക്കാനായി കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് നേതാക്കള്‍.