തിരുവനന്തപുരം: സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വച്ച് സര്‍ക്കാര്‍ ആഞ്ഞടിക്കാനൊരുങ്ങുമ്പോള്‍ കോണ്‍ഗ്രസ് പ്രത്യാക്രമണം ശക്തമാക്കി . റിപ്പോര്‍ട്ടിന്‍മേല്‍ വീണ്ടും നിയമോപദേശം തേടാനുളള തീരുമാനവും സരിതയുടെ പരാതി വീണ്ടും വാങ്ങിയതും ആയുധമാക്കിയാണ് മുഖ്യമന്ത്രിക്കെതിരെ ഉമ്മന്‍ ചാണ്ടിയടക്കമുള്ള നേതാക്കള്‍ രംഗത്ത് വരുന്നത്.

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ മേല്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അടക്കമുള്ള നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ചോദിച്ച് ആരോപണ വിധേയര്‍ പ്രതിരോധിച്ചു. അതൃപ്തിയുമായി മുന്‍ അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരും സര്‍ക്കാരിന് കത്തെഴുതി.ഇതോടെയാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ച് റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ മന്ത്രിസഭാ തീരുമാനം.

നിയമസഭാ സമ്മേളനത്തെ പ്രതിപക്ഷം സ്വാഗതം ചെയ്തു .പക്ഷേ ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കുമെന്ന് മുഖ്യമന്ത്രിയുടെ ആദ്യ പ്രഖ്യാപനത്തെ നിശിതമായി വിമര്‍ശിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍. സര്‍ക്കാരിന് തിരിച്ചടിയേറ്റതിനാലാണ് വീണ്ടും നിയമോപദേശം തേടുന്നതെന്ന് ഉമ്മന്‍ ചാണ്ടി ആരോപിച്ചു.

പ്രതിപക്ഷത്തെ മോശക്കാരാനാക്കാനുള്ള കുല്‍സിത ശ്രമം കീഴ്വഴക്കം ലംഘിച്ച് മുഖ്യമന്ത്രി നടത്തിയെന്നാണ് കെ.മുരളീധരന്റെ വിമര്‍ശനം . മുഖ്യമന്ത്രി മാപ്പു പറയണം.വിശ്വാസ്യതയില്ലാത്ത വ്യക്തിയുടെ മൊഴിയുടെ പേരില്‍ മുന്‍മുഖ്യമന്ത്രിക്കെതിരെ അടക്കം കേസെടുക്കാനുള്ള നീക്കം ഇടതു മുന്നണിയെ തിരിഞ്ഞു കൊത്തുമെന്നും മുരളീധരന്‍ പറഞ്ഞു.

നിയമസഭയില്‍ റിപ്പോര്‍ട്ട് വരുന്നതോടെ സോളാര്‍ കമ്മിഷന്‍റെ വിശ്വാസ്യത ചോദ്യം ചെയ്യാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഒരുങ്ങുന്നത് . ആരോപണ വിധേയരും അന്വേഷണ ഉദ്യോഗസ്ഥരും നല്‍കിയ മൊഴി കണക്കിലെടുക്കാതെ സരിതയുടെ മൊഴി മാത്രം അടിസ്ഥാനമാക്കിയുള്ള റിപ്പോര്‍ട്ടെന്ന വിമര്‍ശിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രതിപക്ഷം.