ന്യൂഡല്‍ഹി: എല്ലാ ദിവസവും സൈനികര്‍ മരിക്കുമെന്നും സൈനികര്‍ മരിക്കാത്ത ഏതെങ്കിലും രാജ്യം ലോകത്തുണ്ടോയെന്നും ബി.ജെ.പി എം.പി. നേപ്പാള്‍ സിങ്. ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സി.ആര്‍.പി.എഫ് ക്യാമ്പില്‍ കഴിഞ്ഞ ദിവസം നടന്ന ഭീകരാക്രമണത്തില്‍ അഞ്ച് ജവാന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് എം.പിയുടെ വിവാദ പരാമര്‍ശം.

ഭീകരാക്രമണത്തെക്കുറിച്ച് ചോദിച്ചപ്പഴായിരുന്നു, അത് എപ്പോഴും അങ്ങനെ സംഭവിക്കുമെന്ന തരത്തിലുള്ള നേപ്പാള്‍ സിങിന്റെ പ്രതികരണം. സൈനികരുടെ ജോലി അത്തരത്തിലുള്ളതിനാല്‍ അവര്‍ മരണം പ്രതീക്ഷിക്കണം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയാണ് നേപ്പാള്‍ സിങിന്റെ വാക്കുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു ഗ്രാമത്തില്‍ കലാപം ഉണ്ടായാല്‍ ഒരാള്‍ക്കെങ്കിലും പരിക്കേല്‍ക്കും. വെടിയുണ്ടകള്‍ തടുക്കാന്‍ കഴിയുന്ന എന്തെങ്കിലും ഉപകരണമുണ്ടോ? ഉണ്ടെങ്കില്‍ ഞങ്ങള്‍ അത് സജ്ജീകരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ലോകത്ത് യുദ്ധമുള്ള ഏതെങ്കിലും രാജ്യത്ത് സൈനികര്‍ മരിക്കാതെയുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. 77 കാരനായ എം.പിയുടെ വാക്കുകള്‍ വിവാദമായതോടെ വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തി. താന്‍ ജവാന്മാരെ അപമാനിക്കാന്‍ ശ്രമിച്ചിട്ടുില്ലെന്ന് അദ്ദേഹം വിശദീകരിച്ചു. എം.പിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലടക്കം ശക്തമായ പ്രതിഷേധം അലയടിക്കുകയാണ്.