ആലുവ മുതല്‍ കലൂര്‍ വരെ എല്‍ ആന്റ് ടിയും കലൂര്‍ മുതല്‍ സൗത്ത് വരെ സോമയുമാണ് നിലവില്‍ കൊച്ചി മെട്രോയുടെ നിര്‍മ്മാണം നടത്തുന്നത്. മഹാരാജാസ് മുതല്‍ സൗത്ത് വരെയുള്ള നിര്‍മ്മാണം കരാര്‍ കാലാവധി കഴിഞ്ഞിട്ടും സോമ പൂര്‍ത്തിയാക്കിയിട്ടില്ല. 2013ല്‍ ഉണ്ടാക്കിയ കരാര്‍ തുകയായ 434 കോടി രൂപയ്‌ക്ക് നിര്‍മ്മാണം തുടരാന്‍ കഴിയില്ലെന്ന് സോമ അറിയിച്ചപ്പോഴാണ് റീടെണ്ടര്‍ വിളിക്കാന്‍ ഡിഎംആര്‍സി തീരുമാനിച്ചത്. നിര്‍മ്മാണം കാലാവധിക്കുള്ളില്‍ പൂര്‍ത്തിയാക്കാതിരുന്നത് നിശ്ചിതസമയത്തിനുള്ളില്‍ സ്ഥലം ഏറ്റെടുത്ത് നല്‍കാത്തതിനാലാണെന്നാണ് കരാറുകാരുടെ വിശദീകരണം. കച്ചേരിപ്പടിയില്‍ ശീമാട്ടിയുടെ സ്ഥലം ഏറ്റെടുത്ത് നല്‍കിയത് രണ്ട് വര്‍ഷത്തെ കരാര്‍ കാലാവധി കഴിഞ്ഞ് അഞ്ച് ദിവസത്തിനു ശേഷമാണ്. 

24 മണിക്കൂരും മെട്രോ നിര്‍മ്മാണം നടക്കുന്നുണ്ടെന്നാണ് ഡിഎംആര്‍സിയുടെ അവകാശവാദമെങ്കിലും രാത്രി 11 മണിക്ക് ശേഷം മാത്രമെ ജെസിബി അടക്കമുളള കൂറ്റന്‍ യന്ത്രങ്ങള്‍ പദ്ധതി സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുന്നുള്ളൂവെന്ന് കരാറുകാര്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊക്കെയായിട്ടും കരാര്‍ കാലാവധിക്കുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാത്തതിന് പ്രതിദിനം ഏതാണ്ട് 14 ലക്ഷം രൂപയാണ് സോമക്കുമേല്‍ ഡിഎംആര്‍എസി പിഴ ചുമത്തിയിരിക്കുന്നത്. എല്‍ ആന്റ് ടിക്ക് മേല്‍ പ്രതിദിനം 20 ലക്ഷവും. ഇതുവെരെയുളള നിര്‍മ്മാണത്തില്‍ സോമയ്‌ക്ക് 30 കോടിയിലേറെയും എല്‍ ആന്റ് ടിക്ക് 100 കോടിയിലേറെയും നഷ്‌ടം വന്നിട്ടുണ്ടെന്നാണ് കമ്പനി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഈ സാഹചര്യത്തിലാണ് ഇനിയും നഷ്‌ടം സഹിച്ച് റീ ടെണ്ടറില്‍ പങ്കെടുക്കേണ്ടതില്ലെന്ന് കരാറുകാര്‍ തീരുമാനിച്ചിരിക്കുന്നത്.അടുത്തമാസം 21 വരെയാണ് റീടെണ്ടറില്‍ പങ്കെടുക്കാനുളള കാലാവധി.