2010-ൽ  ​ഗോദാവരി നദിയിൽ നടപ്പാക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്ത കേസിലാണ് വാറന്‍റ്. നായിഡു ഉൾപ്പെടെ പതിനഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെപ്റ്റംബർ 21നകം ഹാജരാക്കാനാണ് കോടതിയുടെ നിർദ്ദേശം

ഹെെദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെതിരെയുള്ള അറസ്റ്റ് വാറന്‍റ് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും ഗൂഢാലോചനയാണെന്ന് ടിഡിപി. ഏറെ നിര്‍ഭാഗ്യകരമാണ് ചന്ദ്രബാബു നായിഡുവിനെതിരെയുള്ള വാറന്‍റെന്നും ടിഡിപി വക്താവ് ലങ്ക ദിനകര്‍ മാധ്യമങ്ങളോട് പറഞ്ഞു.

തെലുങ്ക് ദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിനെ അറസ്റ്റ് ചെയ്യാന്‍ മഹാരാഷ്ട്രയിലെ ധർമബാദ് മജിസ്ട്രേറ്റ് കോടതിയാണ് വാറന്‍റ് പുറപ്പെടുവിച്ചത്. 2010-ൽ ​ഗോദാവരി നദിയിൽ നടപ്പാക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്ത കേസിലാണ് വാറന്‍റ്.

നായിഡു ഉൾപ്പെടെ പതിനഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെപ്റ്റംബർ 21നകം ഹാജരാക്കാനാണ് കോടതിയുടെ നിർദ്ദേശം. ആന്ധ്രാ പ്രദേശ് വിഭജനത്തിന് മുൻപ് നടന്ന സമരത്തിൽ പങ്കെടുത്തവരിൽ നായിഡുവിനെ കൂടാതെ നിലവിലെ ആന്ധ്രാ ജലവിഭവവകുപ്പ് മന്ത്രി ദേവിനേനി ഉമേശ്വരറാവു, സാമൂഹികക്ഷേമവകുപ്പ് മന്ത്രി എൻ.ആനന്ദ് ബാബു എന്നിവരും ഉൾപ്പെടും.

അന്ന് ടിഡിപി എംഎൽഎയും പിന്നീട് തെലങ്കാന രാഷ്ട്രസമിതിയിൽ ചേരുകയും ചെയ്ത ജി. കമൽകറും കേസിൽ പ്രതിയാണ്.

കേസിൽ ചന്ദ്രബാബു നായിഡുവും മറ്റു നേതാക്കളും കോടതിയിൽ ഹാജരാവുമെന്ന് ടിഡിപി നേതാവും സംസ്ഥാന ഐടി വകുപ്പ് മന്ത്രിയുമായ നായിഡുവിന്‍റെ മകൻ എൻ. ലോകേഷ് പറഞ്ഞു. തെലങ്കാനയുടെ താത്പര്യം സംരക്ഷിക്കാനാണ് ചന്ദ്രബാബു നായിഡു അന്ന് സമരത്തിൽ പങ്കെടുത്തതെന്നും ലോകേഷ് ചൂണ്ടിക്കാട്ടുന്നു.