എന്‍ഡിഎ ഘടക കക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി)യുടെ നേതാവാണ് ഉപേന്ദ്ര കുശ്വാഹ. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ സീറ്റ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് മറ്റ് എൻഡിഎ കക്ഷികളുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
പട്‌ന: നരേന്ദ്രമോദിയെ വീണ്ടും പ്രധാനമന്ത്രിയായി കാണാന്‍ എന്‍ഡിഎയിലെ ചിലര്‍ ആഗ്രഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വാഹ. എന്‍ഡിഎ ഘടക കക്ഷിയായ രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി (ആര്‍എല്‍എസ്പി)യുടെ നേതാവാണ് ഉപേന്ദ്ര കുശ്വാഹ. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിഹാറിലെ സീറ്റ് വിതരണം ചെയ്യുന്നത് സംബന്ധിച്ച് മറ്റ് എൻഡിഎ കക്ഷികളുമായി തര്‍ക്കങ്ങള്‍ നിലനില്‍ക്കെയാണ് മന്ത്രിയുടെ വിവാദ പരാമര്‍ശം.
" എൻഡിഎയിലെ ചിലര്‍ നരേന്ദ്രമോദി പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹിക്കുന്നില്ല. ഞാൻ ഇത് പൂർണ്ണ ഉത്തരവാദിത്വത്തോടെയാണ് പറയുന്നത് " അദ്ദേഹം വ്യക്തമാക്കി. അതേസമയം കൂടുതലൊന്നും വിശദീകരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തെരഞ്ഞെടുപ്പില്‍ എൻഡിഎയിൽ ചേര്‍ന്ന നിതീഷ് കുമാറിന്‍റെ ജെഡിയു, ചെറുപാര്‍ട്ടികളായ ആര്‍എല്‍എസ്പി, രാംവിലാസ് പസ്വാന്‍റെ എല്‍ജെപി എന്നിവ 2014ലെ സീറ്റ് നിലനിർത്താൻ മത്സരിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ഉപേന്ദ്ര കുശ്വാഹ നടത്തിയ ഖീര്‍ പരാമര്‍ശം ബീഹാറില്‍ വലിയ പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയിരുന്നു. ' ഞങ്ങൾ ബ്രാഹ്മണരിൽ നിന്നും പഞ്ചസാരയും, ചൗധരിജിയിൽ നിന്ന് തുളസിയും വാങ്ങിക്കും. ന്യൂനപക്ഷ സമുദായത്തിൽ നിന്നും ദളിതരിൽ നിന്നും, ദസ്തക്തരിൽ നിന്നും വാങ്ങിയ ഉണങ്ങിയ പഴങ്ങൾ ഉപയോഗിച്ച് രുചികരമായ ഘീർ ഉണ്ടാക്കും ' - ഇതായിരുന്നു കുശ്വാഹ നടത്തിയ പരാമര്‍ശം.
കുശ്വാഹ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിലേക്ക് പോകാൻ ഒരുങ്ങുന്നുവെന്ന തരത്തിലായിരുന്നു ഇത് വ്യാഖ്യാനിക്കപ്പെട്ടത്. എന്നാല്‍ താൻ നടത്തിയ പരാമര്‍ശം ഒരു പാര്‍ട്ടിക്കും എതിരല്ലെന്നും സമൂഹത്തിൽ നിന്നും പരമാവധി വോട്ടുകള്‍ സമാഹരിക്കുന്നതിനേക്കുറിച്ച് പൊതുവായി പറഞ്ഞതാണെന്നും കുശ്വാഹ പറഞ്ഞു.
മോദിക്ക് വേണ്ടി വോട്ടുകള്‍ സമാഹരിക്കാന്‍ താന്‍ പരിശ്രമിക്കുമെന്നും കുശ്വാഹ കൂട്ടിച്ചേർത്തു. നേരത്തെ ജെഡിയു അംഗവും നിതീഷ്‌കുമാറിന്‍റെ അടുത്ത അനുയായിയുമായിരുന്നു കുശ്വാഹ. 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് കുശ്വാഹ ജെഡിയു വിട്ട് ആര്‍എല്‍എസ്പി എന്ന പാര്‍ട്ടി രൂപീകരിച്ച് എന്‍ഡിഎയുടെ ഭാഗമാകുന്നത്. എന്നാല്‍ ജെഡിയു തിരികെ എന്‍ഡിഎയില്‍ എത്തിയെങ്കിലും നിതീഷ് കുമാറും ഉപേന്ദ്ര കുശ്വാഹയും തമ്മിലുള്ള ബന്ധം ഇതുവരെ ശരിയായിട്ടില്ല.
