മക്കള്‍ ഉപേക്ഷിച്ച്, വൃദ്ധസദനത്തിലായ നടി അന്തരിച്ചു നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇവരെ കഴിഞ്ഞ വര്‍ഷം മകന്‍ ആശുപത്രിയില്‍ ഉപേക്ഷിക്കുകയായിരുന്നു
മുംബൈ: മക്കള് ഉപേക്ഷിച്ചതിനെ തുടര്ന്ന് വൃദ്ധസദനത്തില് കഴിയുകയായിരുന്ന ബോളിവുഡ് നടി മരിച്ചു. മുന്കാല ബോളിവുഡ് നടി ഗീത കപൂര് ആണ് മരിച്ചത്. 59 വയസായിരുന്നു. 1972 ല് പുറത്തിറങ്ങിയ പക്കീസ എന്ന ചിത്രത്തിലെ അഭിനയത്തിന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്കീസ, റസിയ സുൽത്താന തുടങ്ങി നിരവധി ചിത്രങ്ങളില് അഭിനയിച്ചിട്ടുള്ള ഇവരെ കഴിഞ്ഞ വര്ഷം മകന് ആശുപത്രിയില് ഉപേക്ഷിക്കുകയായിരുന്നു.
മകന് ആശുപത്രിയില് ഉപേക്ഷിച്ച ഗീതയെ അശോക് പണ്ഡിറ്റാണ് ആശുപത്രി ബില്ലുകള് അടച്ച് വൃദ്ധസദനത്തില് ആക്കിയത്. കഴിഞ്ഞവർഷം ഏപ്രിലിൽ മകൻ രാജ ഗൊരെഗാവിലെ എസ്ആര്വി ആശുപത്രിയില് ഉപേക്ഷിച്ചു കടന്നുകളയുകയായിരുന്നു. അമ്മയുടെ ബാധ്യത ഏറ്റെടുക്കാന് താല്പര്യമില്ലാതിരുന്ന രാജ വീട് മാറിപ്പോവുകയായിരുന്നു. ഫോണില് ബന്ധപ്പെടാനുള്ള ശ്രമവും പരാജയപ്പെട്ടു. ഇതേത്തുടര്ന്ന് അശോക് പണ്ഡിറ്റും രമേഷ് ദൗരാനിയും പോലീസില് പരാതി നല്കി. അമ്മയെ ഉപേക്ഷിച്ച് പോയ മക്കള്ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല് രണ്ട് മക്കളേയും കണ്ടെത്താന് പോലീസിനും സാധിച്ചില്ല.
മകന് ഗീതയെ ക്രൂരമായി മര്ദ്ദിക്കുന്നതായി നേരത്തെ വാര്ത്തകള് വന്നിരുന്നു. വൃദ്ധസദനത്തില് പോകാന് മടി കാണിച്ചതിന്റെ പേരില് ഇയാള് അമ്മയെ മുറിയില് പൂട്ടിയിട്ട് മര്ദ്ദിച്ചിരുന്നുവെന്നാണ് ആരോപണം. പട്ടിണിക്കിടുകയും പതിവായിരുന്നു. നാല് ദിവസത്തോളം ഭക്ഷണം കൊടുക്കാതിരിക്കുമായിരുന്നുവെന്ന് ഗീത പറഞ്ഞിരുന്നു. പിന്നീടാണ് മകന് ഗീത കപൂറിനെ ആശുപത്രിയില് ഉപേക്ഷിച്ചത്.
മകന് രാജ കോറിയോഗ്രാഫറാണ് മകള് പൂജ എയര്ഹോസ്റ്റസും. അന്ധേരിയിയിലെ 'ജീവന് ആശ' വൃദ്ധസദനത്തിലായിരുന്നു അവർ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ഒരു വര്ഷത്തിനിടെ കാണാന് മക്കളോ ബന്ധുക്കളോ എത്തിയില്ലെന്ന് പരാതി ഇവര്ക്കുണ്ടായിരുന്നു.
മൃതദേഹം ബന്ധുക്കളെ കാത്ത് രണ്ടു ദിവസം ജുഹുവിലെ കൂപ്പര് ആശുപത്രിയിലെ മോര്ച്ചറിയില് സൂക്ഷിക്കും. ആരുമെത്തിയില്ലെങ്കില് നാളെ സംസ്കാരം നടത്തുമെന്നും അധികൃതര് അറിയിച്ചു.
