മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചു കൊലപ്പെടുത്തി. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) ആണ് കൊല്ലപ്പെട്ടത്. ഏക മകൻ കൃഷ്ണദാസിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു.
ആലപ്പുഴ: മാവേലിക്കരയിൽ അമ്മയെ മകൻ മർദിച്ചു കൊലപ്പെടുത്തി. കല്ലുമല പുതുച്ചിറ സ്വദേശി കനകമ്മ സോമരാജൻ (69) ആണ് കൊല്ലപ്പെട്ടത്. ഏക മകൻ കൃഷ്ണദാസിനെ (39) പോലീസ് കസ്റ്റഡിയിലെടുത്തു. അമ്മയും മകനുമായി നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നതായി പൊലീസ് പറയുന്നു. കൃഷ്ണദാസിന്റെ ഭാര്യ പിണങ്ങിപ്പോയിരുന്നു. ഭാര്യ പിണങ്ങിപ്പോകാൻ കാരണം അമ്മയാണെന്ന് പറഞ്ഞാണ് ഇയാൾ അമ്മയെ മർദിച്ചിരുന്നത്. മദ്യപിച്ചെത്തുന്ന ഇയാൾ പണമാവശ്യപ്പെടുകയും കൊടുക്കാതെ വരുമ്പോൾ മർദിക്കുകയും ചെയ്തിരുന്നു. ഇന്നലെയും പതിവുപോലെ മദ്യപിച്ചെത്തി പണമാവശ്യപ്പെട്ടതായി പൊലീസ് പറയുന്നു. തുടർന്നാണ് മർദിച്ചത്. വീട്ടിൽ നിന്ന് ഇടക്കിടെ ബഹളം കേൾക്കുന്നതിനാൽ നാട്ടുകാർ ശ്രദ്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെയാണ് അമ്മയ്ക്ക് അനക്കമില്ലെന്നും അമ്മയെ താൻ മർദിച്ചിരുന്നുവെന്നും കൃഷ്ണദാസ് തന്നെ നാട്ടുകാരെ വിളിച്ച് അറിയിച്ചത്. തുടർന്ന് പൊലീസും ജനപ്രതിനിധികളും വീട്ടിലേക്ക് എത്തുകയും കനകമ്മ മരിച്ചുകിടക്കുന്നതും കണ്ടത്. മകന്റെ മർദനമേറ്റാണ് കനകമ്മ മരിച്ചെന്ന് പൊലീസ് വ്യക്തമാക്കുന്നു. കൃഷ്ണദാസിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. മാവേലിക്കര നഗരസഭയിലെ സിപിഐ മുൻ കൗൺസിലറാണ് കൊല്ലപ്പെട്ട കനകമ്മ മുൻപ് പലതവണ പരാതി നൽകുകയും പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിരുന്നു.

