ഇടുക്കി: അന്യജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തതില്‍ മനംനൊന്ത് ആത്മാഹത്യചെയ്ത മാതാപിതാക്കളുടെയും അനുജത്തിയുടെയും സംസ്‌കാരചടങ്ങില്‍ പങ്കെടുക്കാന്‍ മകന്‍ എത്തിയത് പോലീസ് കാവലില്‍. മകന്‍ പാണ്ട്യരാജ് ഉദുമല്‍പ്പെട്ടയില്‍ പഠിക്കുന്ന സമയത്താണ് അന്യജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തത്. 

സംഭവത്തെ തുടര്‍ന്ന് കുടുംബാംഗങ്ങളെ ചിലര്‍ ഊരുവിലക്കിയതായി പറയപ്പെടുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പാണ്ട്യരാജിന്‍റെ കുടുംബാംഗങ്ങളായ കാന്തല്ലൂര്‍ സ്വദേശികളായ മുരുകന്‍ (50), ഭാര്യ മുത്തുലക്ഷ്മി (45), മകള്‍ ഭാനുപ്രിയ (19) എന്നിവര്‍ ആത്മഹത്യ ചെയ്തിരുന്നു. ഉദുമല്‍പ്പെട്ട റയില്‍വെ ട്രാക്കിന് സമീപത്താണ് മുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. 

മകള്‍ താമസിക്കുന്ന ഹോസ്റ്റലിലെത്തിയ മതാപിതാക്കള്‍ വാര്‍ഡനോട് തങ്ങള്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തിവരികെയാണ് ഇവരെ മരിച്ചനിലയില്‍ കണ്ടെത്തിയത്. അന്യജാതിയില്‍പ്പെട്ടവരെ ചിലര്‍ വിവാഹം ചെയ്യുമ്പോള്‍ ഊരുവിലക്ക് പതിവാണ്. എന്നാല്‍ ഇവര്‍ക്ക് അത്തരത്തില്‍ ഊരുവിലക്ക് കല്‍പ്പിച്ചിട്ടില്ലെന്ന് മുപ്പന്‍മാര്‍ പറയുന്നു. മൂവരുടെയും സംസ്‌കാരചടങ്ങില്‍ ഗ്രാമത്തിലെ മുഴുവന്‍പേരും പങ്കെടുക്കുകയും ചെയ്തു.