ദില്ലി: ഗുജറാത്തിലെ സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന മുംബൈ പ്രത്യേക സിബിഐ കോടതി ജഡ്ജി ബി എച്ച് ലോയയുടെ മരണത്തില്‍ ദുരൂഹതയില്ലെന്ന് മകന്‍. കുടുംബത്തിന് പരാതിയില്ലെന്നും അന്വേഷണം ആവശ്യമില്ലെന്നും വ്യക്തമാക്കി ലോയയുടെ മകന്‍ അനുജ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തു നല്‍കി. 

സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അമിത് ഷായ്ക്ക് അനുകൂലമായി വിധി പറയാന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന മൊഹിത് ഷാ, ലോയയ്ക്ക് നൂറുകോടി രൂപ വാഗ്ദ്ധാനം ചെയ്‌തെന്നായിരുന്നു ഒരു മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലോയയുടെ സഹോദരിയുടെ വെളിപ്പെടുത്തല്‍. അന്വേഷണം ആവശ്യപ്പെട്ട് ബോംബെ ഹൈക്കോടതിക്ക് കത്തെഴുതിയിരുന്നുവെന്നായിരുന്നു സൊറാബുദ്ദീന്റെ സഹോദരന്റെ പരാമര്‍ശം. 

അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ദില്ലി ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എ പി ഷായും രംഗത്തെത്തി. ഇതേ തുടര്‍ന്നാണ് ലോയയുടെ മരണത്തില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും അന്വേഷിക്കേണ്ടതില്ലെന്നും മകന്‍ അനൂജ് ബോംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മഞ്ജുള്ള ചെല്ലൂരിനെ അറിയിച്ചത്. ജുഡീഷ്യറിയിലെ അംഗങ്ങളിലും അന്വേഷണ ഏജന്‍സികളിലും വിശ്വാസമുണ്ട്. 

ഹൃദയാഘാതം കാരണമാണ് അച്ഛന്‍ മരിച്ചതെന്ന് അനൂജ് കത്തില്‍ വ്യക്തമാക്കി. 2014 നവംബര്‍ 30-നാണ് നാഗ്പുരില്‍ സഹപ്രവര്‍ത്തകന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പോയ ലോയ ഹൃദയാഘാതം മൂലം മരിച്ചത്. മരണത്തില്‍ ദുരൂഹതയില്ലെന്നായിരുന്നു മരണസമയത്ത് ഒപ്പമുണ്ടായിരുന്ന ജസ്റ്റിസ് ഗവായിയുടെ വിശദീകരണം. ഇസിജി രേഖപ്പെടുത്തിയില്ല എന്നതുള്‍പ്പടെ മാസികയിലെ വാദം തെറ്റാണെന്ന് വ്യക്തമാക്കുന്ന രേഖകള്‍ ആശുപത്രി അധികൃതരും പുറത്തു വിട്ടിരുന്നു.