Asianet News MalayalamAsianet News Malayalam

വിവാഹപ്പിറ്റേന്ന് അമ്മയ്ക്ക് സര്‍പ്രൈസ് സമ്മാനമായി വിമാനയാത്ര; മകന്‍റെ 'സ്നേഹക്കുറിപ്പ്'

വിവാഹ ശേഷം തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ മലപ്പുറത്തേക്കുള്ള യാത്ര വിമാനത്തിലാക്കി അമ്മയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുകയായിരുന്നു മകന്‍. കൂലിപ്പണി ചെയ്ത് വളര്‍ത്തിയ അമ്മയ്ക്ക് ഇങ്ങനെയൊക്കെ അല്ലേ സന്തോഷം നല്‍കേണ്ടതെന്ന് ജയേഷ് ചോദിക്കുന്നു. 

Son gave surprise gift for mother on his wedding day
Author
Thiruvananthapuram, First Published Jan 18, 2019, 7:26 PM IST

തിരുവനന്തപുരം: കൂലിപ്പണിയെടുത്ത് വളര്‍ത്തി വലുതാക്കിയ അമ്മയ്ക്ക് തന്‍റെ വിവാഹനാളില്‍ ഒരു കട്ട സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി മകന്‍. വിവാഹ ശേഷം നാട്ടിലേക്കുള്ള യാത്ര അമ്മയോടൊപ്പം വിമാനത്തിലാക്കിയ സന്തോഷ നിമിഷത്തെക്കുറിച്ച് മാധ്യമപ്രവര്‍ത്തകനായ ജയേഷ് പൂക്കോട്ടൂര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രവും കുറിപ്പും വൈറലായിരിക്കുകയാണ്. വ്യാഴാഴ്ചയാണ് മാധ്യമപ്രവര്‍ത്തകരായ  ജയേഷ് പൂക്കോട്ടൂരും ആര്യയും വിവാഹിതരാകുന്നത്. വിവാഹ ശേഷം തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ മലപ്പുറത്തേക്കുള്ള യാത്ര വിമാനത്തിലാക്കി അമ്മയ്ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കുകയായിരുന്നു മകന്‍.

കൂലിപ്പണി ചെയ്ത് വളര്‍ത്തിയ അമ്മയ്ക്ക് ഇങ്ങനെയൊക്കെ അല്ലേ സന്തോഷം നല്‍കേണ്ടതെന്ന് ജയേഷ് ചോദിക്കുന്നു. 'മലപ്പുറം ജില്ലയിലെ പൂക്കോട്ടൂരില്‍ വയലില്‍ പണിയെടുത്താണ് മക്കളെ അമ്മ വളര്‍ത്തിയത്. ട്രെയിനില്‍ തന്നെ രണ്ടോ മൂന്നോ തവണയേ അമ്മ കയറിയിട്ടൊള്ളൂ.  ഈ യാത്ര ശരിക്കും അമ്മയ്ക്ക് സര്‍പ്രൈസ് ആയിരുന്നുവെന്ന് ജയേഷ് പറയുന്നു'. 
 

ജയേഷ് പൂക്കോട്ടൂരിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

പുതിയ വീട്ടിൽ പാലു കാച്ചിയ സമയത്ത് പറഞ്ഞിരുന്നില്ലേ അമ്മയെ കുറിച്ച്, 
കൂലിപ്പണി ചെയ്ത് എന്നെ വളർത്തിയ അമ്മിണി അമ്മയെ കുറിച്ച്,

അങ്ങനെ അമ്മയ്ക്ക് ഞങ്ങൾ കല്യാണ ദിവസം തന്നെ ഒരു കട്ട സർപ്രൈസ് കൊടുത്തു,

കല്യാണം കൂടാൻ നാട്ടിൽ നിന്ന് എത്തിയ റിലേറ്റീവ്സ് എല്ലാം തിരിച്ചു തിരുവനന്തപുരത്ത് നിന്നു മലപ്പുറത്തേക്ക് കയറാൻ നിക്കുകയായിരുന്നു. 
അമ്മയും വന്ന ബസിൽ കേറാൻ നോക്കിയപ്പോഴാണ് തിരിച്ചു രാവിലെ ഫ്ലൈറ്റിൽ പോകാം എന്ന് പറഞ്ഞത്.

അമ്മ ശരിക്കും ഷോക്കടിച്ച പോലെയായി.
ഐഡി കാർഡ് വേണ്ടേ എന്നായി ബന്ധുക്കളുടെ സംശയം.
നമ്മളേതാ മൊതല്!
കഴിഞ്ഞ തവണ വീട്ടിൽ വന്നപ്പോ അതും അടിച്ചു മാറ്റിയിട്ടല്ലേ പോന്നത്.

രാവിലെ അമ്മയ്ക്കു ചെറിയൊരു പേടി ഉണ്ടായിരുന്നു.

പിന്നെ ഞാനും അമ്മയുടെ പുതിയ മരുമോളും കൂടെ അതൊക്കെ അങ്ങ് മാറ്റി. 
അങ്ങനെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഒരു മണിക്കൂർ അമ്മയും പറന്നു.

ഇതൊക്കെ ഇത്ര വലിയ കാര്യം ആണോന്നു ചോദിക്കുന്നവർ ഉണ്ടാകും. 
അമ്മ ഇതിനു മുന്നേ ട്രെയിനിൽ തന്നെ ആകെ ഒന്നോ രണ്ടോ തവണയെ പോയിട്ടുള്ളൂ. 
പിന്നെ ആ കയ്യൊന്ന് ചേർത്ത് പിടിച്ചാൽ അറിയാം, വയലിൽ ഞാറു നട്ടത്തിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര് ഇപ്പോഴും കിട്ടും.

അപ്പോ അവർക്ക് ഇതൊക്കെയല്ലേ വല്യ സന്തോഷങ്ങൾ!

Follow Us:
Download App:
  • android
  • ios