ദില്ലി : വൃദ്ധസദനത്തിലേയ്ക്ക് പോകാന്‍ വിസമ്മതിച്ച അമ്മയെ മകന്‍ തലയ്ക്കടിച്ചു കൊന്നു. 76 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സാഗ്പൂര്‍ സ്വദേശിയായ ലക്ഷ്മണ്‍ കുമാറിനെ പോലീസ് അറസ്റ്റു ചെയ്തു. ജോലി ഇല്ലാതെ കഷ്ടപ്പെട്ട് ദിവസങ്ങള്‍ തള്ളിനീക്കിയിരുന്ന ലക്ഷ്മണിനെ ഭാര്യ നേരത്തെ ഉപേക്ഷിച്ച് പോയിരുന്നു. പലപ്പോഴും പട്ടിണിയിലാണ് അമ്മയും ലക്ഷ്മണും മുന്നോട്ട് പോയിരുന്നത്. 

അമ്മ പട്ടിണി കിടക്കുന്നതില്‍ വിഷമം തോന്നിയ ലക്ഷ്മണ്‍ അവരോട് വൃദ്ധസദനത്തിയേക്കോ സഹോദരിയുടെ വീട്ടിലേയ്‌ക്കോ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, അമ്മ അതു കേള്‍ക്കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് അമ്മയും മകനും നിരന്തരം വാക്കേറ്റങ്ങള്‍ ഉണ്ടായിരുന്നു. സംഭവ ദിവസവും ഇത്തരത്തില്‍ ഇരുവരും തമ്മില്‍ വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും കുപിതനായ മകന്‍ അമ്മയെ കൊലപ്പെടുത്തുകയുമായിരുന്നു. എന്നാല്‍, മനപൂര്‍വമല്ല കൊലപാതകമെന്നാണ് ഇയാളുടെ മൊഴി. സംഭവശേഷം ലക്ഷ്മണ്‍ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി.