മുംബൈ: സ്ഥലം ഏറ്റെടുത്തതിന് നഷ്ടപരിഹാരം നല്‍കുന്നതിലുണ്ടായ വിവേചനത്തെ തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച കര്‍ഷകന്റെ കുടുംബത്തിനു സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായധനം നിരസിച്ച് കര്‍ഷക കുടുംബം. മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ സിന്ദഖേദ്രജ സ്വദേശിയാണ് സര്‍ക്കാര്‍ ധനസഹായം നിരസിച്ചത്.
തങ്ങള്‍ക്ക് ഭിക്ഷ വേണ്ടെന്നും ഭൂമിക്ക് അര്‍ഹിക്കുന്ന നഷ്ടപരിഹാരമാണ് വേണ്ടതെന്നും ആത്മഹത്യയ്ക്ക് ശ്രമിച്ച 84 കാരനായ ധര്‍മ പാട്ടീലിന്റെ മകന്‍ നരേന്ദ്ര പാട്ടീല്‍ പറഞ്ഞു. സിന്ദഖേദ്രജ ടൗണിലെ ഇവരുടെ വീടു അഞ്ചേക്കര്‍ സ്ഥലവും താപവൈദ്യുതി പദ്ധതിക്കായി ഏറ്റെടുത്തപ്പോള്‍ വെറും നാലു ലക്ഷം രൂപയായിരുന്നു സര്‍ക്കാര്‍ നല്‍കിയിരുന്നത്. എന്നാല്‍ ഇവരുടെ അയല്‍ക്കാരുടെ രണ്ടേക്കര്‍ സ്ഥലത്തിനു 1.89 കോടി രൂപ നല്‍കിയെന്നാണ് നരേന്ദ്ര പാട്ടീല്‍ ആരോപിക്കുന്നത്. സഹായത്തിനായി കഴിഞ്ഞ മൂന്നുമാസമായി ധര്‍മ പാട്ടീല്‍ സെക്രട്ടറിയേറ്റില്‍ അപേക്ഷയുമായി കയറിയിറങ്ങുകയായിരുന്നു.
സര്‍ക്കാര്‍ അവഗണനയെത്തുടര്‍ന്ന് കഴിഞ്ഞ തിങ്കളാഴ്ച ഓഫീസിവല്‍ നിന്നു മടങ്ങവേയാണ് ഇയാള്‍ സെക്രട്ടറിയേറ്റ് പരിസരത്ത് ആത്മഹത്യക്ക് ശ്രമിച്ചത്. ഉടന്‍ ഉദ്യോഗസ്ഥര്‍ ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ധര്‍മ പാട്ടീലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇതിനിടെയാണ് സംസ്ഥാന ഊര്‍ജ്ജ മന്ത്രി ചന്ദ്രശേഖര്‍ ബവന്‍കുലെ പാട്ടീലിന്റെ കുടുംബത്തിനു 15 ലക്ഷം ധനസഹായം പ്രഖ്യാപിച്ചത്. എന്നാല്‍, അച്ഛന്‍ ഭിക്ഷയല്ല ചോദിച്ചതെന്നും അവകാശപ്പെട്ട ആനുകൂല്യമാണെന്നും ചൂണ്ടിക്കാട്ടി മകന്‍ ഈ തുക നിഷേധിക്കുകയായിരുന്നു.
