കറാച്ചി: ടീമില്‍ ഇടംകിട്ടാത്തതില്‍ മനംനൊന്ത് മുന്‍ ക്രിക്കറ്റ് താരത്തിന്റെ മകന്‍ ആത്മഹത്യ ചെയ്തു. മുന്‍ പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം അമീര്‍ ഹാനിഫിന്റെ മകന്‍ മുഹമ്മദ് സര്യാബ് ആണ് ആത്മഹത്യ ചെയ്തത്. കറാച്ചി അണ്ടര്‍ 19 ക്രിക്കറ്റ് ടീമില്‍ സെലക്ഷന്‍ ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ആത്മഹത്യ എന്നാണ് വിവരം. ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു. തൊണ്ണൂറുകളില്‍ അഞ്ച് ഏകദിന മത്സരങ്ങളില്‍ പാക്കിസ്ഥാന്‍ ജേഴ്‌സി അണിഞ്ഞ അമീര്‍ ഹാനിഫിന്റെ മൂത്ത മകനായിരുന്നു മുഹമ്മദ് സര്യാബ്.

ജനുവരിയില്‍ ലാഹോറില്‍ നടന്ന അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ കറാച്ചി ടീമിനായി സരിയാബ് എത്തിയിരുന്നു. എന്നാല്‍ കളിക്കിടയില്‍ പരിക്കേറ്റ താരത്തോട് തിരിച്ച് വീട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ നിര്‍ദേശിച്ചു. എന്നാല്‍ പരിക്ക് അത്ര കാര്യമല്ലാത്തതിനാല്‍ സര്യാബ് മടങ്ങാന്‍ തയ്യാറായില്ല. പരിക്ക് മാറി എത്തിയാല്‍ കളിക്കാന്‍ അവസരം നല്‍കുമെന്ന് അധികൃതര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് സര്യാബ് മടങ്ങിയത്.

എന്നാല്‍ പരിക്ക് മാറി തിരിച്ചെത്തിയപ്പോള്ർ അണ്ടര്‍ 19 ടീമില്‍ കളിക്കാനുള്ള പ്രായപരിധി കഴിഞ്ഞുവെന്ന് സര്യാബിനോട് അധികൃതര്‍ വ്യക്തമാക്കി. തുടര്‍ന്ന് താരം ഏറെ അസ്വസ്ഥനായിരുന്നുവെന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച്‌ പാക്കിസ്ഥാന്‍ മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം തന്റെ മകനെ ടീം കോച്ചും മറ്റുള്ളവരും ചേര്‍ന്ന് ആത്മഹത്യയിലേക്ക് തള്ളിവിട്ടതാണെന്ന് അമീര്‍ ഹാനിഫ് ആരോപിച്ചു.