മാതാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ വാഹനമില്ല. മകൻ അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് ആശുപത്രിയിലെത്തിച്ചു.

ഭോപാല്‍: മാതാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു കൊണ്ടുപോകാന്‍ വാഹനമില്ല. അവസാനം ആ മകൻ അമ്മയുടെ മൃതദേഹം ബൈക്കില്‍ കെട്ടിവെച്ച് ആശുപത്രിയിലെത്തിച്ചു. തിക്കാംഘര്‍ ജില്ലയിലെ മസ്താപുര്‍ ഗ്രാമത്തിലാണ് സംഭവം. കുണ്‍വാര്‍ ഭായി എന്ന സ്ത്രീയാണ് പാമ്പു കടിയേറ്റു മരിച്ചത്. 

സ്ത്രീയെ കമ്മ്യൂണിറ്റി ആരോഗ്യ കേന്ദ്രത്തിലെത്തിക്കാന്‍ ശ്രമിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല. 35 കിലോമീറ്റര്‍ അകലെയുള്ള പോസ്റ്റുമോർട്ടം സെന്ററിലേക്ക് മൃതദേഹം കൊണ്ടുപോകാനായി മകനായ രാജേഷിനോട് പൊലീസ് ആവശ്യപ്പെടുകയായിരുന്നു. പൊലീസ് രാജേഷിനു മൃതദേഹം കൊണ്ടുപോകാനുള്ള വാഹനമൊന്നും നല്‍കിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജേഷ് ബന്ധുവിന്റെ സഹായത്തോടെ ബൈക്കില്‍ മൃതദേഹം കെട്ടിവെച്ച് കിലോമീറ്ററുകള്‍ ഓടിച്ചാണ് ആശുപത്രിയിലെത്തിച്ചത്. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം തിരിച്ചു വീട്ടിലെത്തിക്കാന്‍ ആശുപത്രിയില്‍ ആംബുലന്‍സ് നല്‍കുകയായിരുന്നു. 108 വിളിച്ചിരുന്നെങ്കില്‍ മാതാവിനെ ആശുപത്രിയിലെത്തിക്കാനുള്ള വാഹനം രാജേഷിനു ലഭിക്കുമായിരുന്നുവെന്ന് കളക്ടറായ അഭിജീത് അഗര്‍വാള്‍ പറഞ്ഞു.