ദില്ലി; മകന്‍ രാഹുല്‍ ഗാന്ധിക്ക് ചുമതലകള്‍ കൈമാറി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ ശരിവച്ചു കൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ ഒരു ദേശീയമാധ്യമത്തിന് അനുവദിച്ച അവസാന അഭിമുഖത്തിലാണ് അവര്‍ വിരമിക്കുന്നത് സംബന്ധിച്ച വ്യക്തമായ സൂചന നല്‍കിയത്. 

എനിക്ക് വിരമിക്കാന്‍ സമയമായി... അഭിമുഖത്തില്‍ സോണിയ പറഞ്ഞു. 1998-ലാണ് സോണിയാ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത്. കഴിഞ്ഞ കുറേ കാലമായി വിവിധ രാഷ്ട്രീയ വിഷയങ്ങളില്‍ തന്നെ സഹായിക്കുന്നത് മകനാണെന്ന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വശേഷിയെ ന്യായീകരിച്ചു കൊണ്ട് സോണിയ പറഞ്ഞു. 

ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സോണിയ രാഷ്ട്രീയത്തില്‍ സജീവമല്ല. ഗുജറാത്തിലോ-ഹിമാചലിലോ അവര്‍ പ്രചരണത്തിന് വന്നിരുന്നില്ല. പാര്‍ട്ടി വിഷയങ്ങളിലെല്ലാം കഴിഞ്ഞ കുറച്ചു കാലമായി രാഹുല്‍ ഗാന്ധിയാണ് അന്തിമതീരുമാനമെടുക്കുന്നത്. 

അതേസമയം സോണിയയുടെ അഭാവത്തില്‍ ആരായിരിക്കും റായ്ബറേലി മണ്ഡലത്തെ പ്രതിനിധീകരിക്കുക എന്ന ചര്‍ച്ചകള്‍ അണിയറിയില്‍ സജീവമായിട്ടുണ്ട്. ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയില്‍ സോണിയയ്ക്ക് പകരം മകള്‍ പ്രിയങ്കാ ഗാന്ധി മത്സരിക്കാനുള്ള സാധ്യതയാണ് രാഷ്ട്രീയ വൃത്തങ്ങളില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്.