കബളിപ്പിക്കലും വീമ്പിളക്കലും ഭീഷണിപ്പെടുത്തലുമാണ്  മോദി സർക്കാരിന്‍റെ സിദ്ധാന്തം. റഫാൽ വിഷയത്തിൽ മോദി ലജ്ജയില്ലാതെ നുണ പറയുകയാണെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി.

ദില്ലി: റഫാൽ വിഷയത്തിൽ മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി. മോദി ഇന്ത്യൻ ജനതയെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. കബളിപ്പിക്കലും വീമ്പിളക്കലും ഭീഷണിപ്പെടുത്തലുമാണ് മോദി സർക്കാരിന്‍റെ സിദ്ധാന്തമെന്നും സോണിയ ഗാന്ധി വിമർശിച്ചു.

റഫാൽ വിഷയത്തിൽ മോദി ലജ്ജയില്ലാതെ നുണ പറയുകയാണ്. രാജ്യം മുമ്പെങ്ങുമില്ലാത്ത വിധം സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. മോദിയുടെ അഞ്ച് വർഷത്തെ ദുർഭരണം സമൂഹത്തെ ക്ഷീണിപ്പിച്ചുവെന്നും സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. കോൺഗ്രസ് പാർലമെന്‍ററി പാർട്ടി യോഗത്തിലാണ് സോണിയാ ഗാന്ധി കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമ‌ർശിച്ചത്.

പാർട്ടി യോഗത്തിന് ശേഷം പാർലമെന്‍റിന് പുറത്തെ ഗാന്ധി പ്രതിമയ്ക്കു മുന്നിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രതിഷേധിച്ചു. കോൺഗ്രസും തൃണമൂൽ കോൺഗ്രസും സംയുക്തമായാണ് പ്രതിഷേധം നടത്തിയത്. റഫാലിൽ മോദി ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഭരണഘടനാ സ്ഥാപനങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുകയാണെന്നും തൃണമൂൽ കോൺഗ്രസ് ആരോപിച്ചു.

റഫാൽ ഇടപാടിൽ ഫ്രഞ്ച് സർക്കാരുമായി ചർച്ച നടത്തിയ ഏഴംഗ സംഘത്തിലെ മൂന്നു പേർ വിമാനത്തിന്‍റെ വിലയുമായി ബന്ധപ്പെട്ട് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു എന്ന വെളിപ്പെടുത്തൽ ഇന്ന് പുറത്തു വന്നിരുന്നു. റഫാൽ ഇടപാടിന്‍റെ അതീവരഹസ്യമായ വിവരങ്ങൾ പ്രധാനമന്ത്രി നരേന്ദ്രമോദി അനിൽ അംബാനിക്ക് ചോർത്തി നൽകിയെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ ആരോപിച്ചിരുന്നു. ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ റഫാൽ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് കോൺഗ്രസ് തീരുമാനം.