നീതി കിട്ടാന്‍ കേരള സമൂഹമാകെ കൂടെയുണ്ടാകണമെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു. കളമശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ ഒരു ഡ്രിപ്പെങ്കിലും തന്‍റെ ഭര്‍ത്താവിന് നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും റിനി ലാമ പറയുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തന്‍റെ ഭര്‍ത്താവിനെ കൊല്ലുകയായിരുന്നെന്ന വിമര്‍ശനമുന്നയിച്ച് സൂരജ് ലാമയുടെ ഭാര്യ. കേവലമൊരു മിസിംഗ് കേസല്ല കൊലപാതകമാണുണ്ടായതെന്ന് ലാമയുടെ ഭാര്യ റിനി ലാമ പറഞ്ഞു. ലാമയുടെ മൃതദേഹം കളമേശേരി പൊതുശ്മശാനത്തില്‍ സംസ്കരിച്ചു. പൊലീസിന്‍റെയും ആരോഗ്യ വകുപ്പിന്‍റെയും പിടിപ്പുകേട് കാരണമുണ്ടായ കൊലപാതകമെന്നാണ് തന്‍റെ ഭര്‍ത്താവിന്‍റെ മരണത്തെ കുറിച്ച് റിനി ലാമ പറഞ്ഞത്. നീതി കിട്ടാന്‍ കേരള സമൂഹമാകെ കൂടെയുണ്ടാകണമെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു. കളമശേരി മെഡിക്കല്‍ കോളജിലെ ജീവനക്കാര്‍ ഒരു ഡ്രിപ്പെങ്കിലും തന്‍റെ ഭര്‍ത്താവിന് നല്‍കിയിരുന്നെങ്കില്‍ അദ്ദേഹത്തിന് ഈ അവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്നും റിനി ലാമ പറയുന്നു.
കളമശേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന ലാമയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് കുടുംബത്തിന് കൈമാറിയത്. കളമശേരി പൊതുശ്മശാനത്തിലായിരുന്നു സംസ്കാര ചടങ്ങുകള്‍. വിഷമദ്യ ദുരന്തത്തെ തുടര്‍ന്ന് മാനസിക വിഭ്രാന്തി നേരിട്ട ലാമയെ കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്ക് നാടുകടത്തുകയായിരുന്നു. അലഞ്ഞു തിരിഞ്ഞു നടക്കുന്ന നിലയില്‍ കണ്ടെത്തിയ ലാമയെ പൊലീസ് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും അവിടെയും ലാമയ്ക്ക് പരിഗണന കിട്ടിയില്ല.
ആശുപത്രിയില്‍ നിന്ന് പുറത്തു പോയ ലാമയെ പിന്നീട് കണ്ടെത്താന്‍ പൊലീസിനും കഴിഞ്ഞില്ല. ഒടുവില്‍ കളമശേരി മെഡിക്കല്‍ കോളജില്‍ നിന്ന് അധികമകലെയല്ലാതെ കുറ്റിക്കാട്ടില്‍ ലാമയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ പൊലീസിനെ രൂക്ഷമായ ഭാഷയില്‍ ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. കേസ് നാളെ വീണ്ടും ഹൈക്കോടതിയുടെ പരിഗണനയ്ക്കെത്തും. നെടുമ്പാശേരി എസ്എച്ച്ഒ നേരിട്ട് ഹാജരായി റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
