റിയാദ്: സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് ലെവി അടയ്ക്കാന്‍ കൂടുതല്‍ സാവകാശം അനുവദിച്ച് തൊഴില്‍ മന്ത്രാലയം. ഘടുക്കളായി ലെവി അടയ്ക്കാമെന്ന തീരുമാനം ലക്ഷക്കണക്കിന് വിദേശ തൊഴിലാളികള്‍ക്ക് ഏറെ ആശ്വാസമേകുന്നതാണ് തീരുമാനം.
സൗദിയിലെ വിദേശ തൊഴിലാളികള്‍ക്ക് ജനുവരി ഒന്ന് മുതലാണ് പുതിയ പ്രതിമാസ ലെവി പ്രാബല്യത്തില്‍ വന്നത്. താമസ തൊഴില്‍ രേഖകള്‍ പുതുക്കുമ്പോള്‍ ഒരു വര്‍ഷത്തെ ലെവി മുന്‍കൂറായി അടയ്ക്കണം എന്നായിരുന്നു നിര്‍ദേശം. സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം ഇത് കനത്ത സാമ്പത്തിക പ്രയാസം ഉണ്ടാക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
ലെവി അടയ്ക്കാന്‍ ആറു മാസത്തെ സാവകാശം അനുവദിക്കും. ഇതോടൊപ്പം ലെവി മൂന്നു ഘടുക്കളായി അടയ്ക്കാനും സൗകര്യം ഉണ്ടാകുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങള്‍ക്ക് ഏറെ ആശ്വാസമാകും ഈ തീരുമാനം. സൗദികളെക്കാള്‍ കൂടുതല്‍ വിദേശികള്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ ഓരോ വിദേശിയും പ്രതിമാസം നാനൂറു റിയാലും, വിദേശ തൊഴിലാളികളുടെ എണ്ണം സൌദികളെക്കാള്‍ കുറവാണെങ്കില്‍ ഓരോ വിദേശിയും പ്രതിമാസം മുന്നൂറു റിയാലുമാണ് ഈ വര്‍ഷം ലെവി അടയ്ക്കേണ്ടത്.
2019 ജനുവരിയിലും 2020 ജനുവരിയിലും ലെവി ഇരുനൂറ് റിയാല്‍ വീതം വര്‍ധിക്കും. നിയമപ്രകാരം സ്പോണ്‍സര്‍ ആണ് ലെവി അടയ്ക്കേണ്ടതെങ്കിലും നിലവില്‍ പല സ്ഥാപനങ്ങളിലും ലെവി പകുതിയോ മുഴുവനായോ അടക്കുന്നത് തൊഴിലാളികള്‍ തന്നെയാണ്.
