ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് സംസാരിക്കാന്‍ താന്‍ ഒരു വര്‍ഷത്തിലധികമായി ശ്രമിച്ചിട്ടും നടക്കുന്നില്ലെന്ന ആരോപണവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്ര ധനകാര്യ മന്ത്രിയുമായ യശ്വന്ത് സിന്‍ഹ. സര്‍ക്കാറിലെ ആരെയും കാണാന്‍ ഇത്രയും നാളായിട്ടും കഴിയാത്തതുകൊണ്ട് അതിനുള്ള പരിശ്രമം അവസാനിപ്പിച്ച് ഇനി പറയാനുള്ളതെല്ലാം ജനങ്ങളോട് പരസ്യമായി പറയാന്‍ പോവുകയാണെന്നും അദ്ദേഹം അറിയിച്ചു.

പലകാര്യങ്ങളും സംസാരിക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണാന്‍ 13 മാസങ്ങള്‍ക്ക് മുന്‍പാണ് താന്‍ അപ്പോയിന്റ്മെന്റ് ചോദിച്ചത്. ഇതുവരെ കിട്ടിയില്ല. വാജ്‍പേയിയുടെയും അദ്വാനിയുടെയും കാലത്തെ ബി.ജെ.പിയല്ല ഇപ്പോഴുള്ളത്. അക്കാലത്ത് ഏതൊരു സാധാരണക്കാരനായ പാര്‍ട്ടി പ്രവര്‍ത്തകനും ദില്ലിയില്‍ പോയി ഒരു പ്രയാസവുമില്ലാതെ പാര്‍ട്ടി അധ്യക്ഷനായിരുന്ന അദ്വാനിയെ കാണാന്‍ കഴിയുമായിരുന്നു. ഇപ്പോള്‍ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പോലും ദേശീയ അധ്യക്ഷനെ കാണാന്‍ അപ്പോയിന്റ്മെന്റ് കിട്ടില്ല. തനിക്ക് 13 മാസമായി അപ്പോയിന്റ്മെന്റ് കിട്ടാത്തതില്‍ അത്ഭുതമില്ലെന്നും അദ്ദേഹം പറഞ്ഞു.

അമിത്ഷാ നരേന്ദ്രമോദിക്ക് മധുരം നല്‍കുന്ന ചിത്രം കാട്ടിയായിരുന്നു യശ്വന്ത് സിന്‍ഹ രോഷാകുലനായത്. ചിത്രത്തില്‍ രാജ്നാ‍ഥ് സിങ്, സുഷമ സ്വരാജ്, ആനന്ദ് കുമാര്‍ തുടങ്ങിയ നേതാക്കളെ കാണാം. പിന്‍നിരയില്‍ പോലും എല്‍.കെ അദ്വാനിയെ കാണാനില്ലെന്നും അദ്ദേഹത്തെ വെറും സാധാരണ പ്രവര്‍ത്തകനാക്കി മാറ്റിയെന്നും സിന്‍ഹ ആരോപിച്ചു.