ന്യൂഡല്‍ഹി: സൗമ്യവധക്കേസിലെ വിധിയിലെ പിഴവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നൽകിയ ഹര്‍ജി സുപ്രീംകോടതി വ്യാഴാഴ്ച പരിഗണിക്കും. കേസിൽ വിധി പറഞ്ഞ ജഡ്ജിമാര്‍ക്ക് പുറമെ ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍, ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ജെ.ചലമേശ്വര്‍ എന്നിവര്‍ കൂടി ഊൾപ്പെട്ട ആറംഗ ബെഞ്ചാണ് തിരുത്തൽ ഹര്‍ജി പരിഗണിക്കുക. ചീഫ് ജസ്റ്റിസിന്‍റെ ചേംബറിൽ ഉച്ചയ്ക്ക് ശേഷമാകും കേസ് വരിക. തിരുത്തൽ ഹര്‍ജി അംഗീകരിച്ചാൽ കേസ് തുറന്ന കോടതിയിൽ ആറംഗ ബെഞ്ച് കേൾക്കും.
നേരത്തെ ഈ കേസിൽ നൽകിയ പുനഃപരിശോധന ഹര്‍ജി തുറന്ന കോടതിയിൽ വാദം കേട്ട് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അദ്ധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു. വിധി പറഞ്ഞ ജഡ്ജിമാരെ അപമാനിച്ചതിന് റിട്ട. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെതിരെ കോടതി അലക്ഷ്യനടപടികൾ സ്വീകരിക്കുകയും ചെയ്തു. അതിന് ശേഷം വീണ്ടും തിരുത്തൽ ഹര്‍ജി വന്ന സാഹചര്യത്തിലാണ് ആറംഗ ബെഞ്ച് ഹര്‍ജി പരിശോധിക്കാൻ തീരുമാനിച്ചത്.
