കൊച്ചി: സൗമ്യ വധക്കേസുമായി ബന്ധപ്പെട്ട് പരാമർശങ്ങൾ നടത്തിയ ഫോറൻസിക് സർജൻ ഡോ ഉൻമേഷിനെതിരായ വകുപ്പുതല അന്വേഷണം മൂന്നുമാസത്തിനുളളിൽ പൂർത്തായാക്കാൻ സർക്കാർ ഉത്തരവ്. ഇതിനായി മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറകട്റെ ചുമതലപ്പെടുത്തി. മുൻപ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ അംഗീകരിക്കുന്നില്ലെന്ന് ഡോ ഉൻമേഷും സർക്കാരിനെ അറിയിച്ചിരുന്നു.
സൗമ്യയുടെ പോസ്റ്റുമോർടം നടത്തിയത് ആര് എന്നതിനെച്ചൊല്ലിയായിരുന്നു വിവാദം. തൃശൂർ മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം ചുമതലവഹിച്ചിരുന്ന ഡോ ഷെർളി വാസുവും ഫൊറൻസിക് സർജനായ ഡോ ഉൻമേഷും തമ്മിൽ വലിയ തർക്കവുമുണ്ടായി. ഇതുമായി ബന്ധപ്പെട്ട് ഉൻമേഷിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തെങ്കിലും പിന്നീട് തിരിച്ചെടുത്തു. എന്നാൽ വകുപ്പുതല അന്വേഷണം വേഗം പൂർത്തായാക്കണമെന്നാവശ്യപ്പെട്ടാണ് പുതിയ ഉത്തരവ്. മൂന്നു മാസത്തിനുളളിൽ അന്വേഷണം പൂർത്തിയാക്കണം. ഇതിനായി മെഡിക്കൽ വിദ്യാഭ്യാസ ജോയിന്‍റ് ഡയറക്ടർ ഡോ ശ്രീകുമാരെയെ ചുമതലപ്പെടുത്തി.
എന്നാൽ മുൻ അന്വേഷണ റിപ്പോർട്ടുകൾ അംഗീകരിക്കുന്നില്ലെന്നും വീണ്ടും അന്വേഷണം വേണമെന്നും ഡോ ഉൻമേഷും ആവശ്യപ്പെട്ടിരുന്നു. പ്രാഥമിക തെളിവെടുപ്പുകളിൽ പോസറ്റുമോർടം നടത്തിയത് താനാണെന്നും സാക്ഷികൾ മൊഴി കൊടുത്തെങ്കിലും അന്വേഷണത്തിലെ കണ്ടെത്തൽ തനിക്കെതിരായി എന്നായിരുന്നു ഉൻമേഷിന്റെ വാദം. ഈ കണ്ടെത്തൽ അംഗീകരിക്കുന്നില്ലെന്ന് ഉൻമേഷ് അറിയിച്ചതോടെയാണ് ഡോ. ശ്രീകുമാരിയെ ചുമതലപ്പെടുത്തി തുടർ അന്വേഷണം ഉത്തരവിറങ്ങിയത്.
ഇതിനിടെ സൗമ്യവധക്കേസിലെ സുപ്രീംകോടതി വിധിയിലെ തുടർ നടപടി സംബന്ധിച്ച് മന്ത്രി എ കെ ബാലൻ അറ്റോർണി ജനറൽ മുകുൾ റോത്തഗിയുമായി ഡൽഹിയിൽ കൂടിക്കാഴ്ച നടത്തി.
