ഗോവിന്ദ സ്വാമിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാറിനൊപ്പം സൗമ്യയുടെ കുടുംബവും നിയമപോരാട്ടം തുടരും. രാവിലെ സൗമ്യയുടെ അമ്മ സുമതിയും സൗമ്യയുടെ സഹോദരന്‍ സന്തോഷും സെക്രട്ടേറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. സുപ്രീം കോടതിയിലുണ്ടായ തിരിച്ചടികളെ കുറിച്ചുള്ള ആശങ്കകകള്‍ പങ്കുവെച്ചു. നിയമപരമായി എല്ലാ സഹായവും മുഖ്യമന്ത്രി വാഗ്ദനം ചെയ്തുവെന്ന് കൂടിക്കാഴ്ചക്ക് ശേഷം സുമതി പറഞ്ഞു. മുഖ്യമന്ത്രിയുടെ പിന്തുണയില്‍ വിശ്വാസമുണ്ടെന്നും മനസുനിറഞ്ഞാണ് താന്‍ മടങ്ങുന്നതെന്നും സുമതി മാധ്യമങ്ങളോട് പറഞ്ഞു.
സുപ്രീം കോടതിയിലുണ്ടായ തിരിച്ചടി ആവര്‍ത്തിക്കില്ലെന്ന് പ്രതീക്ഷയുണ്ടെന്ന് സഹോദരന്‍ സന്തോഷ് പറഞ്ഞു. സര്‍ക്കാറിനൊപ്പം സൗമ്യയുടെ അമ്മയും സുപ്രീം കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം പൊലീസ് ആസ്ഥാനത്ത് എത്തി ഡി.ജി.പി ലോക്നാഥ് ബെഹ്റയെയും സൗമ്യയുടെ കുടുംബം കണ്ടു. ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ ശശിയും സൗമ്യയുടെ കുടുംബത്തോടൊപ്പമുണ്ടായിരുന്നു.
