ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്സില്‍ 154 റണ്‍സ് നേടിയ ഓപ്പണര്‍ കരുണരത്നയാണ് കളിയിലെ താരം

ഗോള്‍: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നാണംകെട്ട തോല്‍വി. ശ്രീലങ്ക ഉയര്‍ത്തി 354 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്കയുടെ പോരാട്ടം കേവലം 73 റണ്‍സില്‍ അവസാനിച്ചു. 278 റണ്‍സിന്റെ കനത്ത പരാജയമാണ് ഗോളില്‍ ആഫ്രിക്കന്‍ ടീം ഏറ്റുവാങ്ങിയത്.

ലങ്കയുടെ സ്പിന്‍ അറ്റാക്കിന് മുന്നിലാണ് ആഫ്രിക്കയുടെ ബാറ്റ്സ്മാന്‍മാര്‍ ഒന്നിനു പിന്നാലെ ഒന്നായി കൂടാരം കയറിയത്. 22 റണ്‍സ് നേടിയ ഫാസ്റ്റ് ബൗളര്‍ വെറോണ്‍ ഫിലാന്‍ഡര്‍ മാത്രമാണ് പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചത്. ദില്‍രുവന്‍ പെരേര ആറ് വിക്കറ്റും രംഗന ഹെരാത്ത് മൂന്നും വിക്കറ്റും നേടി.

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും കുറഞ്ഞ നാലാം ഇന്നിംഗ്സ് സ്കോര്‍ എന്ന നാണക്കേടിനും ഗോള്‍ സാക്ഷിയായി. ആദ്യ ഇന്നിംഗ്സില്‍ ശ്രീലങ്ക 287 റണ്‍സ് നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 126 റണ്‍സാണ് നേടിയത്. രണ്ടാം ഇന്നിംഗ്സില്‍ 190 റണ്‍സ് നേടിയാണ് ശ്രീലങ്ക 354 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നില്‍ വച്ചത്. ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യ ഇന്നിംഗ്സില്‍ 154 റണ്‍സ് നേടിയ ഓപ്പണര്‍ കരുണരത്നയാണ് കളിയിലെ താരം.