ദില്ലി: ദില്ലിയില്‍ മാംസാഹരങ്ങൾ പ്രദര്‍ശിപ്പിച്ച് വിൽക്കുന്നത് തടയാൻ ബി.ജെ.പി നീക്കം. ഇതിനുള്ള പ്രമേയം ബിജെ.പി ഭരിക്കുന്ന സൗത്ത് ദില്ലി മുനിസിപ്പൽ കോര്‍പ്പറേഷൻ പാസാക്കി. മതപരമായ വിശ്വാസം വ്രണപ്പെടുത്തും എന്ന് ചൂണ്ടിക്കാട്ടുന്ന പ്രമേയത്തിൽ അന്തിമ തീരുമാനം അടുത്തമാസം മൂന്നിന് കൈക്കൊള്ളും.
ഭക്ഷണശാലകളിൽ ചിക്കനും മട്ടനുമടക്കം മാംസാഹരങ്ങളുടെ പ്രദർശനം തടയാനാണ് കോർപറേഷൻ നീക്കം. ഭക്ഷണശാലകൾക്ക് പുറത്ത് മാംസാഹരങ്ങൾ തുറന്നുവെയ്ക്കുന്നതിനു പകരം ഷെൽഫുകളിൽ അടച്ചുവെയ്ക്കണം. മാംസാഹരങ്ങൾ പരസ്യമായി പ്രദർശിപ്പിക്കുന്നത് മതപരവും ശുചിത്വപരവുമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നും അതിന് നിരോധനം ഏർപ്പെടുത്തണമെന്നുമുള്ള പ്രമേയം കോർപറേഷൻ കൗൺസിൽ അംഗീകരിച്ചു.
എന്നാൽ, ദാബകൾ അടക്കം ഭക്ഷണശാലകൾ ഏറെയുള്ള സൗത്ത് ദില്ലിയിലെ കച്ചവടക്കാർക്ക് പുതിയ തീരുമാനം തിരിച്ചടിയാകും. ഇവിടങ്ങളിൽ വൈകുന്നേരം സജീവമാകുന്ന ദാബകളിലേക്ക് ആഹാരങ്ങളുടെ പ്രദർശനം കണ്ടാണ് ആളുകൾ എത്തുന്നത്. പുതിയ ഉത്തരവ് നടപ്പായാൽ ഗ്രീൻപാർക്ക്, അമർ കോളനി മാർക്കറ്റ്, ന്യൂ ഫ്രണ്ട്സ് കോളനി എന്നിവിടങ്ങളിലെ മുഴുവൻ ദാബകളും പൂട്ടേണ്ടിവരും.
ബിജെപി ഭരിക്കുന്ന സൗത്ത് ദില്ലി കോർപറേഷന്‍റെ പുതിയ തീരുമാനത്തിനെതിരെ ആംആദ്മി പാർട്ടിയും കോൺഗ്രസും രംഗത്ത് വന്നുകഴിഞ്ഞു. ശുചിത്വത്തിന്‍റെ പേരിൽ മാംസാഹരങ്ങൾ ക്രമേണ നിരോധിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. അതേസമയം, കൗൺസിൽ പാസാക്കിയ പ്രമേയത്തിൽ അടുത്ത മാസം മൂന്നിന് മാത്രമെ കോർപറേഷൻ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.
