48 മണിക്കൂറിനിടയിൽ തീവ്രന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: കന്യാകുമാരിക്ക് തെക്ക് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനിടയിൽ തീവ്രന്യൂനമർദ്ദമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്‍റെ മുന്നറിയിപ്പ് . ഇതോടനുബന്ധിച്ച് കേരള തമിഴ്നാട് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത ഉള്ളതായുംനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. 

കാറ്റിന്‍റെ വേഗം മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെയാകാന്‍ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണണെന്നും മുന്നറിയിപ്പുണ്ട്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ കേരള തീരത്ത് കൂടുതൽ ജാഗ്രത പുലർത്താൻ മുഖ്യമന്ത്രി എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകി. 

മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ നിർദേശം കർശനമായി നടപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.