സോള്‍: പുതുവത്സരദിനത്തിലെ പ്രസംഗത്തില്‍ ദക്ഷിണ കൊറിയയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ടെന്ന ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ നടത്തിയ പ്രസ്താവനയെ സ്വാഗതം ചെയ്ത് ദക്ഷിണ കൊറിയ. ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന ഉത്തര കൊറിയയുടെ ക്ഷണം സ്വീകരിച്ച് ദക്ഷിണ കൊറിയ വ്യക്തമാക്കി.
ഉത്തര കൊറിയയുടെ ശീതകാല ഒളിംപിക്‌സ് പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കാന്‍ ഈ മാസം 9ന് ഉന്നതതല ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പറഞ്ഞു. ശീതകാല ഒളിംപിക്‌സിലെ ഉത്തര കൊറിയയുടെ പങ്കാളിത്തത്തിലൂടെ പ്രശ്‌നപരിഹാരത്തിന് തുടക്കം കുറിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരിയില്‍ ദക്ഷിണ കൊറിയയിലെ സോളിലാണ് ശീതകാല ഒളിംപിക്‌സ്. ശീതകാല ഒളിംപിക്‌സിന് സംഘത്തെ അയക്കുമെന്ന് കിം പറഞ്ഞിരുന്നു. അണുവായുധ പരീക്ഷണളും യുഎന്‍ ഉപരോധത്തിന്റെയും പേരില്‍ ഇരുരാജ്യങ്ങളുടെയും ബന്ധം അടുത്തിടെ കൂടുതല്‍ വഷളായിരിക്കുന്ന സാഹചര്യത്തിലാണ് കിമ്മിന്റെ പ്രസംഗം.
ദക്ഷിണ കൊറിയയില്‍ ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ശീതകാല ഒളിംബിക്‌സില്‍ പങ്കെടുക്കാന്‍ കായിക താരങ്ങളെ അയക്കുന്ന കാര്യം പരിഗണിക്കും. ഇത് ജനങ്ങളുമായുള്ള ഐക്യം കാണിക്കുന്നതിനുള്ള അവസരമാണ്. ഈ വിഷയത്തില്‍ ഇരു കൊറിയന്‍ രാജ്യങ്ങളുടെയും പ്രതിനിധികള്‍ ഉടന്‍ ചര്‍ച്ച നടത്തണമെന്നുമാണ് കിം പറഞ്ഞത്.
