സൗത്ത് സുഡാന്‍: വീണ്ടും തോക്കെടുത്താലോയെന്ന് ആലോചിക്കുകയാണ് ഈ പതിനാറുകാരന്‍. 2015 മുതല്‍ പുനരധിവാസ ക്യാംപിലാണ് സൗത്ത് സുഡാന്‍കാരനായ ബാബച്ചോ മാമ. യുഎന്നിന്റെ ദീര്‍ഘനാളത്തെ പരിശ്രമഫലമായാണ് ബാബച്ചോയടക്കമുളള എഴുന്നൂറോളം കുട്ടിപ്പോരാളികള്‍ 2015ല്‍ ആയുധമുപേക്ഷിച്ചത്. എന്നാല്‍ പുനരധിവാസ ക്യാംപില്‍ പട്ടിണി തുടര്‍ക്കഥയാകുമ്പോഴാണ് വീണ്ടും ആയുധമെടുത്താലോയെന്ന് ബാബച്ചോയെ പോലുള്ളവര്‍ ചിന്തിക്കുന്നത്. വെള്ളക്കെട്ടിന് നടുവിലുള്ള പുനരധിവാസ ക്യാംപില്‍ കൃത്യസമയത്ത് ഭക്ഷണം പോലുമില്ല, ക്ലാസുകള്‍ എടുക്കുന്ന അധ്യാപകന് ശമ്പളം മുടങ്ങിയിട്ട് നാളുകളായി. 

ബാരക്കുകളിലെ ദുരിതജീവിതം ഇവര്‍ മടുത്ത് കഴിഞ്ഞു. ഇസ്തിരി ഇടുക പോലുള്ള ജോലികള്‍ ചെയ്ത് രണ്ട് ദിവസത്തിലൊരിക്കല്‍ ഭക്ഷണം കഴിക്കാന്‍ കിട്ടിയാലായി എന്ന അവസ്ഥയാണ് ക്യാംപില്‍. ഉപേക്ഷിച്ച് പോന്ന ജീവിതം അപകടം നിറഞ്ഞതാണെങ്കില്‍ കൂടിയും ഭക്ഷണം മുടങ്ങിയിരുന്നില്ലെന്ന് പറയുമ്പോള്‍ ഈ കുട്ടികളുടെ കണ്ണില്‍ കാണുന്നത് നിരാശയുടെ നിഴല്‍ മാത്രമാണ്. തുടര്‍ക്കഥയാവുന്ന ആഭ്യന്തര യുദ്ധങ്ങളാണ് സൗത്ത് സുഡാനെ ലോകത്തിലെ തന്നെ അപകടം നിറഞ്ഞ രാജ്യമാക്കുന്നത്. ഗോത്രവര്‍ഗക്കാര്‍ തമ്മില്‍ കാലങ്ങളായി തുടരുന്ന പോര് സൗത്ത് സുഡാനില്‍ സാധാരണമാണ്. അതില്‍ സൈന്യം കൂടി ചേരുന്നതോടെയാണ് കാര്യങ്ങള്‍ കൂടുതല്‍ കൈവിട്ട് പോകുന്നത്. 

ബാരക്കിന് വെളിയില്‍ നടക്കുന്ന യുദ്ധത്തിന്റെ ശബ്ദ കോലാഹലങ്ങള്‍ ഇവരെ ആശങ്കപ്പെടുത്തുന്നുണ്ട്. 16 മുതല്‍ 18 വരെ പ്രായമുള്ളവരെയാണ് സൗത്ത് സുഡാനില്‍ ആഭ്യന്തര യുദ്ധമുന്നണിയില്‍ നിന്ന് മോചിപ്പിച്ച് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബാരക്കുകളില്‍ താമസിപ്പിച്ചിരിക്കുന്നത്. പട്ടിണിയേക്കാളും നല്ലത് യുദ്ധമെന്നാണ് ഇപ്പോള്‍ പുനരധിവസിക്കപ്പെട്ട കുട്ടിപ്പോരാളികള്‍ക്ക് പറയാനുള്ളത്.