ഈറോഡ് സ്റ്റേഷനില്‍നിന്ന് 22 വീപ്പകളിലായി 6.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രത്യേകതീവണ്ടിയില്‍ തിരുവനന്തപുരത്ത് എത്തിക്കുന്നത്.  

ചെന്നൈ: കേരളത്തിലെ പ്രളയ ബാധിത പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ ദക്ഷിണ റെയില്‍വേ തമിഴ്നാട്ടില്‍നിന്ന് തീവണ്ടിവഴി തിരുവനന്തപുരത്തേക്ക് വീപ്പകളില്‍ കുടിവെള്ളമെത്തിക്കും.ഈറോഡ് സ്റ്റേഷനില്‍നിന്ന് 22 വീപ്പകളിലായി 6.8 ലക്ഷം ലിറ്റര്‍ വെള്ളമാണ് പ്രത്യേകതീവണ്ടിയില്‍ തിരുവനന്തപുരത്ത് എത്തിക്കുന്നത്. 

തമിഴ്നാടിന്റെ വിവിധഭാഗങ്ങളില്‍നിന്ന് എത്തിച്ച കുടിവെള്ളം ഈറോഡില്‍നിന്ന് ദിണ്ടിഗല്‍, മധുര, തിരുനെല്‍വേലി വഴിയാണ് എത്തിക്കുന്നത്.കേരള സര്‍ക്കാരിന്റെ അഭ്യര്‍ഥനയെത്തുടര്‍ന്ന് ഒരു ലക്ഷം കുടിവെള്ളക്കുപ്പികള്‍ പാറശാല പ്ലാന്റില്‍നിന്നും ദക്ഷിണ റെയില്‍വേ തിരുവനന്തപുരത്ത് എത്തിക്കും. വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസ്, തിരുവനന്തപുരം എക്‌സ്പ്രസ് എന്നിവയിലായി ഒന്നരലക്ഷം കുടിവെള്ളക്കുപ്പികളും റെയില്‍വേ അയച്ചിട്ടുണ്ട്.