കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 കി.മീ വേഗതയില്‍ വരെ കാറ്റുവീശും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം കൂടുതല്‍ ശക്തിപ്രാപിക്കുന്നു. ബുധനാഴ്ച്ച മുതല്‍ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. കേരളതീരത്തും ലക്ഷദ്വീപിലും മണിക്കൂറില്‍ 45 കി.മീ വേഗതയില്‍ വരെ കാറ്റു വീശുമെന്നാണ് അറിയിപ്പില്‍ പറയുന്നത്. 

തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ കേരളവും തമിഴ്‌നാടും കര്‍ണാടകയും കടന്ന് കൂടുതല്‍ മേഖലകളിലേക്ക് പ്രവേശിക്കുകയാണെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്‌കൈമെറ്റും അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറില്‍ കേരളത്തിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലും നല്ല മഴ ലഭിച്ചെന്നും അടുത്ത 24 മണിക്കൂറിലും കേരളം, കര്‍ണാടക, ലക്ഷദ്വീപ് എന്നിവടങ്ങളിലും മഴ തുടരുമെന്നും സ്‌കൈമെറ്റ് പ്രവചിക്കുന്നു.