ഉത്തര്‍പ്രദേശില്‍ ബി.ജെ.പിക്ക് ഇത്രയും വലിയ മുന്നേറ്റം ഉണ്ടാക്കിക്കൊടുത്തത് മായാവതിയാണെന്ന് സമാജ്‍വാദി പാര്‍ടിയുടെ ആരോപണം. കോണ്‍ഗ്രസ് സഖ്യമില്ലായിരുന്നെങ്കില്‍ സമാജ്‍വാദി പാര്‍ട്ടിക്ക് 100 സീറ്റുവരെയെങ്കിലും പിടിക്കാമായിരുന്നു എന്ന് വിലയിരുത്തുന്നവരുമുണ്ട്. അതേസമയം 2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സഖ്യവുമായി മുന്നോട്ടുപോകാനാണ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ തീരുമാനം.

403ല്‍ 312 സീറ്റുകളും നേടി എക്സിറ്റ് പോളുകളെ കവച്ചുവെയ്ക്കുന്ന വിജയം ബി.ജെ.പി സ്വന്തമാക്കിയതോടെ ആളും ആരവങ്ങളില്ലാത്ത അവസ്ഥയിലാണ് എസ്.പി, ബി.എസ്.പി ഓഫീസുകള്‍. എന്നാല്‍ ബി.ജെ.പിക്ക് വന്‍ വിജയം നേടാനുള്ള അവസരമുണ്ടാക്കി കൊടുത്തത് ബി.എസ്.പിയെ ആണെന്നാണ് സമാജ് വാദി പാര്‍ട്ടി നേതാക്കള്‍ ആരോപിക്കുന്നത്. മുസ്ലീങ്ങള്‍ ഒന്നിച്ച് വോട്ടുചെയ്തെങ്കില്‍ ജയിക്കുമായിരുന്നുവെന്നും പറയുന്നവരുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ കൂറ്റന്‍ റാലികളിലൊക്കെ വന്ന ആളുകള്‍ എവിടെ പോയെന്ന് സംശയിക്കുന്നവരും കുറവല്ല.