വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകള്‍ അട്ടിമറിച്ചതിന് അച്ചടക്ക നടപടി നേരിട്ട എസ്‌പിയെ ബാര്‍ കേസ് ഉള്‍പ്പെടുള്ള പ്രധാന വിജിലന്‍സ് കേസുകളുടെ മേല്‍നോട്ട ചുമതല നല്‍കിയത് വിവാദമാകുന്നു. കഴിഞ്ഞ ദിവസം ഇറങ്ങിയ സര്‍ക്കാര്‍ ഉത്തരവിലാണ് പത്തനംതിട്ട എസ്‌പിയും മുമ്പ് രേഖകള്‍ തിരിത്തിയതിന് അച്ചടക്ക നടപടിയും നേരിട്ട എസ്‌പി ബി അശോകനെ വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഒന്നിലേക്ക് സ്ഥലംമാറ്റിയത്.
ബാര്‍- ടൈറ്റാനിയം- പാറ്റൂര്‍ കേസുകളും ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ അഴിമതി കേസുകളും അന്വേഷിക്കുന്ന യൂണിറ്റാണ് പൂജപ്പുരയിലെ സ്‌പെഷ്യല്‍ ഇന്‍വേസ്റ്റേഷന്‍ യൂണിറ്റ്- ഒന്ന്. ഇവിടെ എസ്‌പിയായിരുന്ന സുകേശന്‍ വിരമിച്ച ഒഴിവിലേക്കാണ് പത്തനംതിട്ട എസ്‌പിയായ ബി അശോകനെ നിയമിച്ചത്. മുമ്പ് ഇതേ യൂണിറ്റില്‍ എസ്‌പിയായിരുന്നപ്പോള്‍ ഡിവൈഎസ്‌പിമാരുടെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ തിരുത്തിയതിന് അച്ചടക്ക നേരിട്ട ഉദ്യോഗസ്ഥനാണ് ബി അശോകന്‍. ജനറല്‍ ആശുപത്രിയിലെ ക്രമക്കേടും വെള്ളയമ്പലം എസ്-എസ്ടി ഹോസ്റ്റല്‍ ക്രമക്കേടും അന്വേഷിച്ച് ഡിവൈഎസ്‌പി നന്ദനന്‍ പിള്ള നല്‍കിയ റിപ്പോര്‍ട്ട് തിരുത്തിന്നായിരുന്നു ഒരു പരാതി. മുന്‍ മന്ത്രി എം എ കുട്ടപ്പനെതിരായ പരാതി അന്വേഷിച്ച ഡിവൈഎസ്‌പി രവിയുടെ റിപ്പോര്‍ട്ടിലും എസ്‌പിയായിരുന്ന അശോകന്‍ തിരുത്തല്‍ വരുത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പരാതികള്‍ അന്വേഷിച്ച ഇന്റലിജന്‍സ് എസ്‌പി, അശോകന്‍ തിരുത്തല്‍ വരുത്തിയതെന്നും കേസെടുക്കണമെന്നും ശുപാര്‍ശ ചെയ്തു. അന്വേഷണ റിപ്പോര്‍ട്ടുകളില്‍ തിരുത്തലുകള്‍ സ്ഥിരസ്വഭാവമാക്കിയ ഉദ്യോഗസ്ഥനെന്നാണ് അന്നത്തെ വിജിലന്‍സ് എഡിജിപി ശങ്കര്‍റെഡ്ഡി റിപ്പോര്‍ട്ടു നല്‍കിയത്. അശോകന്റെ രണ്ട് ഇന്‍ക്രിമെന്‍റുകള്‍ റദ്ദാക്കുകയും ചെയ്തു. നിരവധി അച്ചടക്ക നടപടികള്‍ നേരിട്ട ബി അശോകന്‍ കഴിഞ്ഞ സര്‍ക്കാര്‍ ഐപിഎസിന് ശുപാര്‍ശ ചെയ്തില്ല. ഭരണകക്ഷിയുമായി ഏറെ അടുപ്പമുള്ള ഉദ്യോഗസ്ഥന് പിണറായി സര്‍ക്കാര്‍ വന്ന ശേഷമാണ് ഐപിഎസ് ലഭിക്കാനായി മികച്ച പ്രവര്‍ത്തനത്തിനുള്ള സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പ്രമാദമായ കേസുകള്‍ പരിഗണിക്കുന്ന യൂണിറ്റില്‍ ആരോപണവിധേയനായ ഉദ്യോഗസ്ഥനായ നിയമനം കേസുകള്‍ അട്ടിമറിക്കാണെന്ന ആരോപണമാണ് ഉയരുന്നത്.
