ദില്ലി: വിമാനയാത്രക്കിടെ ശിവസേന എം.പി രവീന്ദ്ര ഗെയ്ക് വാദ് ഏയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ ലോക്സഭാ സ്പീക്കര്‍ സുമിത്ര മഹാജാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് റിപ്പോര്‍ട്ട് തേടി. ശിവസേനാ എം.പി, എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവം പാര്‍ലമെന്‍റിന് പുറത്തു നടന്നതുകൊണ്ട് ഇടപെടാനാകില്ല എന്ന നിലപാടിലായിരുന്നു ഇതുവരെ സ്പീക്കര്‍. സംഭവത്തെ തുടര്‍ന്ന് വിമാനക്കമ്പനികള്‍ ഒറ്റക്കെട്ടായി രവീന്ദ്ര ഗെയ്ക് വാദിന് ടിക്കറ്റ് നിഷേധിച്ചു. നേരത്തെ ബുക്ക് ചെയ്തിരുന്ന ടിക്കറ്റുകളും റദ്ദാക്കി. പാര്‍ലമെന്‍റ് സമ്മേളനത്തില്‍ പങ്കെടുക്കാനായി ബുക്ക് ചെയ്ത ടിക്കറ്റുകള്‍ വരെ ഏയര്‍ ഇന്ത്യ റദ്ദാക്കിയ സാഹചര്യത്തിലാണ് സ്പീക്കര്‍ പ്രശ്നത്തെ കുറിച്ച് റിപ്പോര്‍ട്ട് തേടിയത്.
ബിസിനസ് ക്ളാസില്‍ സീറ്റ് നല്‍കിയില്ലെന്ന് ആരോപിച്ച് ഏയര്‍ ഇന്ത്യയിലെ മലയാളി ജീവനക്കാരനെയാണ് ചെരുപ്പ് കൊണ്ട് ഗെയ്ക് വാദ് അടിച്ചത്. സംഭവത്തിന് ശേഷം ശേഷം ഗെയ്ക് വാദിന് വിമാന ടിക്കറ്റ് നല്‍കേണ്ടെന്ന് ഏയര്‍ ഇന്ത്യ ഉള്‍പ്പടെയുള്ള വിമാനകമ്പനികള്‍ തീരുമാനിച്ചിരുന്നു. കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നും ഹൈദരാബാദില്‍ നിന്നുമുള്ള ഗെയ്ക് വാദിന്റെ ടിക്കറ്റുകളും ഏയര്‍ ഇന്ത്യ റദ്ദാക്കിയിരുന്നു. എന്നാല്‍ സംഭവത്തില്‍ താന്‍ മാപ്പു പറയില്ലെന്നും എയര്‍ ഇന്ത്യ ജീവനക്കാരനാണ് മാപ്പ് പറയേണ്ടതെന്നുമാണ് ഗെയ്ക് വാദിന്റെ നിലപാട്.
