തിരുവനന്തപുരം: മന്ത്രി എ കെ ശശീന്ദ്രനെതിരായ ഹർജിക്കാരിയെ കുറിച്ചുള്ള കൂടുതൽ വിവരം പുറത്തുവന്നെങ്കിലും ദുരൂഹത പൂർണ്ണമായും മാറുന്നില്ല. ഗൂഢാലോചനാവാദം ബലപ്പെട്ടെന്നാണ് എൻസിപിയിലെ ശശീന്ദ്രനെ അനുകൂലിക്കുന്ന വിഭാഗം വിലയിരുത്തുന്നത്. ഹർജിക്കാരിയായ മഹാലക്ഷമിയുടെ സാമ്പത്തിക സ്രോതസിനെ കുറിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ഏഷ്യാനെറ്റ് ന്യൂസ് മഹാലക്ഷ്മിയുടെ വിവിരങ്ങൾ പുറത്തുവിട്ടതിന് പിന്നാലെയാണ് അന്വേഷണം.
നാടകീയമായി ഹർജി നൽകിയ മഹാലക്ഷ്മി ആരാണ്, പിന്നിൽ പാർട്ടിയിലെ തന്നെ ഒരു വിഭാഗമുണ്ടോ, തോമസ് ചാണ്ടിയാണോ അതോ ഗണേഷ്കുമാറാണോ അങ്ങിനെ ഒരുപാട് ചോദ്യങ്ങളും ചർച്ചകളുമാണ് എൻസിപിയിൽ സജീവമാകുന്നത്. തോമസ് ചാണ്ടിയുടെ പിഎയും വീട്ടിലെ സഹായിക്ക് ചാണ്ടിയുടെ സഹായം ഉറപ്പായും കിട്ടിക്കാണുമെന്നാണ് ശശീന്ദ്രനെ അനുകൂലിക്കുന്നവരുടെ സംശയം.
ഇടക്കാലത്ത് ഗണേഷിനെ പാർട്ടിയിലേക്കെത്തിച്ച് മന്ത്രിയാക്കാൻ ശ്രമിച്ച നേതാക്കളാണ് പിന്നിലെന്ന് സംശയിക്കുന്നവരും ഉണ്ട്. ആർക്കും പൊതുതാല്പര്യ ഹർജി നൽകാം. എന്നാൽ പ്രമാദമായ കേസിൽ കോടതികൾ മാറി മാറി പരാതി നൽകിയ നടപടിയും ശശീന്ദ്ര പക്ഷത്തെ സംശയങ്ങൾ ബലപ്പെടുത്തുന്നു.
മഹാലക്ഷ്മിയെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എൻസിപി സംസ്ഥാന നിർവ്വാഹക സമിതി അംഗം പ്രദീപ് പാറപ്പുറം ഡിജിപിക്ക് നേരത്തെ പരാതി നൽകിയിരുന്നു. പ്രമുഖരായ അഭിഭാഷകരെ കൊണ്ടുവരാനുള്ള മഹാലക്ഷ്മിയുടെ സാമ്പത്തിക സ്രോതസ്സും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ബിവി ശ്രീകുമാർ സർക്കാർ ഉദ്യോഗസ്ഥനായിരിക്കെ ഇയാൾക്കെതിരെയും അന്വേഷണം വരാനിടയുണ്ട്. മഹാലക്ഷ്മിയുടെ ഹർജിയുമായി ബന്ധമുണ്ടോ എന്ന കാര്യത്തിൽ ശ്രീകുമാർ ഇതുവരെ പ്രതികരിച്ചില്ല
ഗതാഗത മന്ത്രിക്കെതിരായ നീക്കത്തിന് പിന്നിൽ അതേ വകുപ്പിലെ ഉദ്യോഗസ്ഥന് പങ്കുണ്ടെന്ന് കണ്ടെത്തയാൽ അത് വകുപ്പുതല നടപടിക്കും ഇടായായേക്കും. 15 നാണ് ശശീന്ദ്രനെതിരായ ഹർജി ഇനി ഹൈക്കോടതി പരിഗണിക്കുന്നത്.കോടതിയുടെ തുടർനടപടി ശശീന്ദ്രനും മഹാലക്ഷ്മിക്കും ഇനി നിർണ്ണായകമാണ്.
