പൊലീസുകാരെ ആക്രമിച്ച എസ്എഫ്ഐക്കാരെ രക്ഷിക്കാൻ കന്‍റോണ്‍മെന്‍റ് പൊലീസ് ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്‍റെയും പ്രവർത്തകനായ ആരോമലിന്‍റെയും നേതൃത്വത്തിലായിരുന്നു മർദ്ദനം.
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടുറോഡിൽ പൊലീസിനെ മർദ്ദിച്ച എസ്എഫ്ഐക്കാരെ അറസ്റ്റു ചെയ്യുന്നതിൽ കന്‍റോണ്‍മെന്‍റ് പൊലീസിന് ഗുരുതര വീഴ്ച പറ്റിയെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പരിക്കേറ്റ പൊലീസുകാർക്ക് എസ്എപി കമാണ്ടന്‍റ് ഇതുവരെ വിശ്രമാവധി നൽകിയില്ല. അക്രമി സംഘത്തിൽ തലസ്ഥാനത്തെ ഒരു സിപിഎം എംഎൽഎയുടെ പിഎ യുടെ മകനും ഉള്ളതായി സൂചനയുണ്ട്.
പൊലീസുകാരെ ആക്രമിച്ച എസ്എഫ്ഐക്കാരെ രക്ഷിക്കാൻ കന്‍റോണ്‍മെന്‍റ് പൊലീസ് ശ്രമിച്ചെന്ന് വ്യക്തമാക്കുന്നതാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ് നസീമിന്‍റെയും പ്രവർത്തകനായ ആരോമലിന്‍റെയും നേതൃത്വത്തിലായിരുന്നു മർദ്ദനം.
വിനയചന്ദ്രൻ, ശരത് എന്നീ പൊലീസുകാർക്കാണ് മർദ്ദനമേറ്റത്. സംഭവം അറിഞ്ഞതിന് പിന്നാലെ കന്‍റോണ്‍മെന്‍റ് സ്റ്റേഷനിലെ രണ്ട് അഡീഷണൽ എസ്ഐമാരുടെ നേതൃത്വത്തില്‍ പൊലീസുകാർ സ്ഥലത്തെത്തി. പക്ഷെ പ്രതികളെ പിടികൂടിയില്ല. പൊലീസുകാർ നോക്കി നിൽക്കേ ബൈക്കുമെടുത്ത് അക്രമികള്‍ കടന്നു. കൂടുതൽ പൊലീസിനെ ആവശ്യപ്പെടുകയോ സ്ഥിഗതികള്‍ കണ്‍ട്രോള്‍ റൂമിൽ കൃത്യമായി ധരിപ്പിക്കുകയോ ചെയ്തില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.
പരിക്കേറ്റ പൊലീസുകാരെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. പകരം ജനറൽ ആശുപത്രിയിൽ നിന്നും പ്രാഥമിക പരിശോധന നടത്തിയശേഷം സ്റ്റേഷനിൽ കൊണ്ട് വന്ന് മൊഴിയെടുത്തു. പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് രാത്രി മാത്രം. ഇതിൽ കന്‍റോണ്‍മെന്‍റ് എസ്എഐക്ക് വീഴ്ച പറ്റിയെന്നാണ് റിപ്പോര്‍ട്ട്.
കഴുത്തിന് വീണ്ടും വേദന അനുഭവപ്പെട്ടതിനെ തുടർന്ന പരിക്കേറ്റ പൊലീസുകാരൻ ശരത്തിനെ ഇന്നലെ വീണ്ടും ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡ്യൂട്ടിക്കിടെ പരിക്കേറ്റാൽ പൊലീസുകാർക്ക് ചികിത്സക്കായി വിശ്രമ അവധി നൽകാറുണ്ട്. എന്നാൽ ശരത്തിൻറേയും വിനയചന്ദ്രൻറയും അപേക്ഷ എസ്എപി കമാണ്ടന്‍റ് തള്ളി.
അതേ സമയം പ്രതികളെ രക്ഷിക്കാനുള്ള പൊലീസിൽ നടക്കുന്ന നീക്കങ്ങളിൽ സേനയിൽ തന്നെ അമർഷമുണ്ട്. അതിനിടെ പ്രതികളെ ഇന്ന് സ്റ്റേഷനിൽ ഹാജരാക്കാൻ തലസ്ഥാനത്തെ ചില സിപിഎം നേതാക്കാളുടെ നേതൃത്വത്തിൽ നീക്കം തുടങ്ങി. പൊലീസുകാരെ മർദ്ദിക്കുന്ന ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിൽ നിന്നും ചോർന്നതിനെ കുറിച്ച് അന്വേഷണത്തിന് ഐജി മനോജ് എബ്രഹാം ഉത്തരവിട്ടു,
