ചെന്നൈ: ജാതിരഹിത വിവാഹങ്ങള്‍ക്ക് സംരക്ഷണമൊരുക്കി പോലീസ്. മധുര സിറ്റി പൊലീസാണ് ഇതര ജാതി വിവാഹങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാനായി ഹെൽപ്പ്ലൈൻ രൂപികരിച്ചത്. അടുത്ത കാലത്തായി തമിഴ്നാട്ടിൽ ജാതി രഹിത വിവാഹങ്ങളുടെ പേരില്‍ ദുരഭിമാന കൊലകള്‍ നടന്ന പാശ്ചാത്തലത്തിലാണ് ഹെല്‍പ്പ് ലൈന്‍ രൂപികരണം.
ഈ സാഹചര്യത്തിലാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ അന്യജാതിയിൽപ്പെട്ടവരെ വിവാഹം ചെയ്തവരുടെ പ്രശ്നങ്ങൾ പരിഹരിക്കാനായി മധുര പോലീസ് ഇങ്ങനെയൊരു ഹെൽപ്പ് ലൈനും സ്പെഷ്യൽ സെല്ലും രൂപികരിച്ചത്. സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഇത് നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഉയർന്ന ജാതിയിൽപ്പെട്ട ഭാര്യ കൊലപ്പെട്ട സംഭവത്തിൽ ദലിത് യുവാവിന്റെ പരാതിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ പ്രത്യേക ഉത്തരവ്.
മധുര പൊലീസ് തിങ്കളാഴ്ച്ച പുറപ്പെടുവിച്ച സർക്കുലർ പ്രകാരം ഇതിനായി സ്പെഷ്യൽ സെൽ ദമ്പതികളിൽ നിന്ന് പരാതി സ്വീകരിക്കുകയും അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുകയും ചെയ്യും. 24 മണിക്കൂറും പ്രവർത്തിക്കുന്ന സ്പെഷ്യൽ സെല്ലിൽ പരാതി നേരിട്ടോ ഫോണിലൂടെയോ അറിയിക്കാം.
